ബംഗലൂരു: കര്‍ണാടകയിലെ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തില്‍ പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് 15 പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലിസ്. പതിനഞ്ച് കുപ്പി കീടനാശിനിയാണ് പ്രസാദമായി നല്‍കിയ തക്കാളിച്ചോറില്‍ കലര്‍ത്തിയതെന്ന് പൊലിസ് പറയുന്നു. പ്രസാദം കഴിച്ച 120 ഓളം പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ക്ഷേത്രപൂജാരിയായ ദൊഡ്ഡയ്യയെയും മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ അപകീര്‍ത്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത്. ഈ രണ്ട് കേസും ഇവര്‍ക്കെതിരെ ചുമത്തിയതായും പൊലിസ് അറിയിച്ചു. പ്രസാദമായി നല്‍കിയ തക്കാളിച്ചോറ് പാകം ചെയ്യുന്ന സമയത്ത് തന്നെ പതിനഞ്ച് കുപ്പി കീടനാശിനി ഇതില്‍ ചേര്‍ത്തതായി പൊലിസ് വെളിപ്പെടുത്തുന്നു.
കീടനാശിനി കലര്‍ത്തിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂര്‍ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ദൊഡ്ഡയ്യ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഗോപുര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ട്രസ്റ്റ് അംഗങ്ങളുമായി ഇമ്മാഡി മഹാദേവയ്ക്കുണ്ടായ അിപ്രായ വ്യത്യാസമാണ് ഈ ക്രൂരതയിലേക്ക് എത്തിച്ചതെന്ന് പോലിസ് പറയുന്നു. ട്രസ്റ്റിനെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു മഹാദേവ സ്വാമിയുടെ ലക്ഷ്യമെന്നാണ് സൂചന. കൂടാതെ ക്ഷേത്രഗോപുരം നിര്‍മ്മിക്കാന്‍ മഹാദേവ സ്വാമി മുന്നോട്ട് വച്ച ഒന്നേകാല്‍ കോടി രൂപയുടെ പ്രൊജക്റ്റ് ട്രസ്റ്റ് അംഗീകരിച്ചില്ല. എഴുപത്തഞ്ച് ലക്ഷം രൂപയുടെ പ്രൊജക്റ്റുമായി അവര്‍ മുന്നോട്ട് പോവുകയായിരുന്നു. ഡിസംബര്‍ 14 ന് നടന്ന ക്ഷേത്രഗോപുര നിര്‍മ്മാണത്തിന്റെ കല്ലിടല്‍ ചടങ്ങിലാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തി പ്രതികാരം ചെയ്യാന്‍ മഹാദേവ സ്വാമി തീരുമാനിച്ചതെന്നാണ് പൊലിസ് വിശദമാക്കുന്നത്.
ക്ഷേത്രത്തിലെ ഭക്ഷ്യവിഷബാധ: പ്രസാദത്തില്‍ കലര്‍ത്തിയത് പതിനഞ്ച് കുപ്പി കീടനാശിനിയെന്ന് പൊലിസ്