ന്യൂഡല്‍ഹി: പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി. വാടക ഗര്‍ഭപാത്രത്തിലൂടെ കഴിഞ്ഞ മാസമാണ് കരണ്‍ ഒരു പെണ്‍കുട്ടിയുടേയും ആണ്‍കുട്ടിയുടേയും അച്ഛനായത്. റൂഹി എന്നും യാഷ് എന്നുമാണ് തന്റെ കുട്ടികള്‍ക്ക് കരണ്‍ പേരിട്ടത്. തന്റെ പിതാവ് യാഷ് ജോഹറിന്റെ ഓര്‍മയ്ക്കായാണ് മകന് യാഷ് എന്ന് പേര് നല്‍കിയതെന്ന് കരണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഈ വിവരങ്ങള്‍ കരണ്‍ പുറത്തു വിട്ടത്.

തനിക്ക് വേണ്ടി ഗര്‍ഭം ധരിക്കാന്‍ തയ്യാറായ സ്ത്രീയോട് അങ്ങേയറ്റം നന്ദിയും കടപ്പാടും ഉണ്ടെന്നും തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് അവര്‍ സാധിച്ചു തന്നതെന്നും കരണ്‍ വ്യക്തമാക്കി. ഈ തീരുമാനത്തില്‍ എത്താന്‍ താന്‍ മാനസികമായും ശാരീരികമായും യുക്തിപരമായും ഏറെ തയ്യാറെടുത്തിരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഉപാധികളില്ലാത്ത സ്നേഹം നല്‍കുമെന്നും പിതാവിന്റെ എല്ലാ ചുമതലകളും നിറവേറ്റുമെന്നും കരണ്‍ പറഞ്ഞു. സമീപകാലത്ത് പ്രസിദ്ധീകരിച്ച ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’ എന്ന തന്റെ ആത്മകഥയിലൂടെ കുഞ്ഞുങ്ങളെ ദത്തെടുക്കാനോ വാടക അച്ഛനാവാനോ താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.