കൊച്ചി: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചതിന് പിന്നാലെ വൈദികരെ വന്ധ്യംകരിക്കണമെന്ന നിര്‍ദേശവുമായി ചലച്ചിത്ര നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. വൈദികര്‍ പീഡനക്കേസുകളില്‍ പ്രതികളാവുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ ഈ നിര്‍ദേശം. സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മൂന്ന് വഴികള്‍ എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു ഇക്കാര്യം പറയുന്നത്. ‘വികാരി എന്ന് പറയുമ്പോള്‍ത്തന്നെ മനസിലാക്കിക്കൂടേ അയാള്‍ക്ക് എല്ലാ വികാരവുമുണ്ട്’ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ മൂന്നാമത്തെ വഴിയായാണ് വൈദികരെ വന്ധ്യംകരിക്കാന്‍ ജോയ് മാത്യു ആവശ്യപ്പെട്ടിരിക്കുന്നത്.

ഒന്നുകില്‍ ധ്യാനകേന്ദ്രത്തില്‍ സാത്താനെ ഓടിക്കുംപോലെ വൈദികരിലെ സാത്താനെ ഓടിക്കുക അല്ലെങ്കില്‍ പള്ളിവികാരി എന്നത് ഒരു ജോലിയായി കണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം ഇനി ഇതൊന്നുമല്ലെങ്കില്‍ നിര്‍ബന്ധമായും വന്ധ്യംകരിക്കുക. ‘സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭനങ്ങള്‍ക്ക് വേണ്ടി കൊണ്ടു നടക്കണം’ എന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. മതമേലധ്യക്ഷന്മാര്‍ ഇക്കാര്യത്തില്‍ വേണ്ട തീരുമാനം കൈക്കൊണ്ടാല്‍ തന്നെപ്പോലുള്ള ക്രിസ്ത്യാനികള്‍ക്ക് തലയില്‍ മുണ്ടിടാതെ നടക്കാമെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/JoyMathew4u/posts/721623294663846