
കോതമംഗലം: മഗ്‍രിബ് നമസ്കാര സമയമായി. പള്ളിയിൽ നമസ്കരിക്കാൻ എത്തിയ മുസ്‌ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് പള്ളിയിലെ വൈദികൻ വുളുഅ് (അംഗസ്നാനം) ചെയ്യാനുള്ള വെള്ളം ഒഴിച്ചു കൊടുത്തു. മുനവ്വറലിയും സംഘവും അൾത്താര സാക്ഷിയാക്കി മഗ് രിബ് നമസ്കാരം നിർവ്വഹിച്ചു. പ്രതിഷേധ റാലി കോതമംഗലത്തെത്തിയപ്പോള്‍ മഗ്‍രിബ് നമസ്കാര സമയമായിരുന്നു.
വിശ്വാസികള്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമില്ലാതായതോടെ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ മുന്നോട്ടുവന്നു. പള്ളി അധികൃതര്‍ നമസ്കരിക്കുന്നതിനുള്ള മുഴുവന്‍ സൗകര്യവും ഒരുക്കി. സംഭവത്തെക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പെഴുതി. പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെ ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിക്കിടെയാണ് മാനവ മൈത്രി വിളംബരം ചെയ്യുന്ന സംഭവം.

മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്:
മതം മാനവികതയാണ്. സർവ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്ന് വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസിന്‍റെ ബാനറിൽ സംഘടിക്കപ്പെട്ട സെക്കുലർ മാർച്ചായിരുന്നു വേദി. വി. ടി ബൽറാം, പി. കെ ഫിറോസ്, എം. ബി രാജേഷ്, ഇന്ദിര ജയ്സിംഗ് തുടങ്ങിയ യുവജന നേതാക്കൾ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി.
മണിനാദം മുഴങ്ങുന്ന ചർച്ചിൽ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാൻ അച്ചൻ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോൾ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചർച്ചിൽ വെച്ച് തന്നെ ഞങ്ങൾ നിസ്‌കരിച്ചു.
രാജ്യത്തെ മുസ്‌ലീങ്ങളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാർദത്തിന്‍റെയും ഉൾക്കൊള്ളലിന്‍റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന സ്‌നേഹത്തിന്‍റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങൾ ആഗ്രഹിക്കുന്നത്. സാന്ദർഭികമായി എനിക്ക് ഓർമ്മ വന്നത് ഖലീഫാ ഉമറിന്‍റെ ചരിത്രമാണ്.
https://www.facebook.com/watch/?v=786752618403375
ജറുസലേമിലേക്ക് അനുയായികൾക്കൊപ്പം പോയപ്പോൾ നിസ്‌കാരത്തിന് ഒരു ചർച്ചിൽ അവർക്ക് സൗകര്യം ഏർപ്പെടുത്തിയിരുന്നു. തന്‍റെ അനുയായികൾ ആ ക്രിസ്ത്യൻ പളളിയുടെ വരാന്തയിൽ വെച്ച് നിസ്‌കരിക്കുകയും ഭാവിയിൽ ആരെങ്കിലും താൻ നിസ്‌ക്കരിച്ചതിന്‍റെ പേരിൽ ചർച്ചിന്റെ മേൽ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്‍റെ പേരിൽ ഖലീഫാ ഉമർ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാൻ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.
