ചെന്നൈ: അണ്ണാ ഡി.എം.കെ അധ്യക്ഷ വി.കെ ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ രാജ്യസഭാ എം.പി ശശികല പുഷ്പ രംഗത്ത്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ശശികല നടരാജനെന്നും ഇങ്ങനെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കിയാല്‍ അത് തമിഴ്‌നാട്ടിലെ ക്രമസമാധാനത്തിന് കോട്ടം സംഭവിക്കുമെന്നുമാണ് ശശികല പുഷ്പയുടെ വിശദീകരണം.

ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്‌നാട് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവിനും കത്തയച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കൊപ്പം അനധികൃതമായി സ്വത്ത് കൈവശം വച്ച കേസില്‍ ശശികല നടരാജനെയും ബെംഗളൂരു വിചാരണ കോടതി ശിക്ഷിച്ചിരുന്നു. ഇത് ചൂണ്ടികാണിച്ചാണ് ശശികല പുഷ്പയുടെ ആരോപണങ്ങള്‍. സ്വത്ത് സമ്പാദനക്കേസ്സില്‍ ഓരാഴ്ച്ചക്കുള്ളില്‍ വിധിയുണ്ടാകുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു. അതിനിടയിലും ശശികലയുടെ സ്ഥാനാരോഹണത്തിനു വേണ്ട ഒരുക്കങ്ങള്‍ പോയിസ് ഗാര്‍ഡനില്‍ തകൃതിയായി നടക്കുന്നുണ്ട്.