കോർപറേറ്റ് ബാങ്ക് കൊള്ളയുടെ ഒരു ദശാബ്ദം അഥവാ പൊതുജനത്തിന്‍റെ  പണം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻകിട മുതലാളിമാർക്ക് സമർപ്പിച്ച കാലം; ഒരു വിശകലനം

  • Post category:news
  • Reading time:3 mins read
You are currently viewing കോർപറേറ്റ് ബാങ്ക് കൊള്ളയുടെ ഒരു ദശാബ്ദം അഥവാ പൊതുജനത്തിന്‍റെ  പണം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻകിട മുതലാളിമാർക്ക് സമർപ്പിച്ച കാലം; ഒരു വിശകലനം

പൊതുമേഖലാ ബാങ്കുകൾക്ക് 8000 കോടി യുടെ ബാധ്യത ബാക്കി വെച്ച് കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ  സ്വകാര്യ എയർ ലൈൻ കമ്പനി ജെറ്റ് ഐയർവേസും ഷട്ടർ താഴ്ത്തി.  ഭീമമായ കടം ഓഹരിയാക്കി മാറ്റി ജെറ്റിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഇലക്ഷൻ കാലമായത്  കൊണ്ട് നടക്കുന്നില്ല. എങ്കിലും 1500 കോടിയുടെ പുതിയ ലോൺ നൽകി കമ്പനിയെ രക്ഷപ്പെടുത്താനുള്ള താൽക്കാലിക പാക്കേജിനായി ബാങ്കുകൾക്ക് മേൽ സമ്മർദ്ദമുണ്ട്. എയർലൈൻ   കമ്പനികൾ പൊളിയുമ്പോൾ  കടം കൊടുത്ത ബാങ്കുകൾക്ക് ആസ്തികൾ ഏറ്റെടുത്ത് വിറ്റാലും   ഒന്നും കിട്ടാനുണ്ടാവില്ല. കമ്പനികൾ പറത്തുന്ന വിമാനങ്ങൾ മിക്കതും  വാടകക്ക് എടുത്തതായിരിക്കും. കമ്പനി അതുവരെ ഉണ്ടാക്കിയ ലാഭമെല്ലാം പുറത്തെവിടെയെങ്കിലും ഭദ്രമായിരിക്കും. നഷ്ടം ജോലിക്കാർക്കും ബാങ്കുകൾക്കും മാത്രം. ഇതുകൊണ്ട് തന്നെയായിരിക്കും തട്ടിപ്പുവീരൻമാർ എയർ ലൈൻ  കമ്പനികൾ തുടങ്ങുന്നത്.

കിംഗ് ഫിഷർ എയർലൈനിന്‍റെയും സഹാറ എയർ ലൈനിന്‍റെയും കഥ നമുക്ക് അറിയാമല്ലോ. വിജയ് മല്യ, പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ 13000 കോടിയും കൊണ്ട് മുങ്ങിയ നീരവ് മോഡി തുടങ്ങി  പൊതുജനത്തിന്‍റെ   പണം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻകിട മുതലാളിമാർക്ക് സമർപ്പിക്കുന്ന കഥയാണ് കഴിഞ്ഞ പത്തു വർഷക്കാലത്തെ യു.പി.എ – എന്‍.ഡി.എ ഭരണകാലം.

കോർപറേറ്റുകളുടെ കിട്ടാക്കടം (Non Performing Assets NPA) മൂലം രാജ്യത്തെ പൊതുമേഖല ബാങ്കുകൾ വലിയൊരു തകർച്ചയെ അഭിമുഖീകരിക്കുകയാണ്. അതിവേഗം പെരുകി കൊണ്ടിരിക്കുന്ന  കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ആസ്തിയുടെ75% വരെ എത്തിയിരിക്കുന്നു. ഇത് മൊത്തം വായ്പയുടെ 11.2 ശതമാനത്തിന് മുകളിൽ വരും. സാധാരണക്കാരുടെ കയ്യിൽ നിന്നും കഴുത്തറുപ്പൻ  സർവിസ് ചാർജുകളും പിഴപ്പലിശകളും വൻ തോതിൽ  ഈടാക്കിയിട്ടും, ബാങ്കുകൾ രക്ഷപ്പെടുന്നില്ല.

2012  വരെയുള്ള വർഷങ്ങളിൽ ബാങ്കുകളുടെ വളർച്ചക്ക് ആനുപാതികമായി വളർന്ന കിട്ടാക്കടം 2012ന് ശേഷം കുതിച്ചുയരാൻ തുടങ്ങി. 2010 ൽ 59,972 കോടി ആയിരുന്ന കിട്ടാക്കടം കുതിച്ചുയര്‍ന്ന് 2018 ഓടെ 9.5 ലക്ഷം കോടിയിലുമെത്തിയതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് മൊത്തം വായ്പ യുടെ 2 ശതമാനത്തിൽ നിന്ന് 11.2 ശതമാനത്തിലേക്ക്. ഔദ്യോഗിക കണക്ക് പ്രകാരം 9.5 ലക്ഷം ആണെങ്കിലും ശരിയായ കണക്ക് അതിന്‍റെ എത്രയോ അധികമാണെന്നതാണ് യാഥാർത്ഥ്യം.

2013-നും 2015-നുമിടയില്‍ രാജ്യത്തെ 29 പൊതുമേഖലാ ബാങ്കുകള്‍ എഴുതി തള്ളിയ കിട്ടാകടത്തിന്‍റെ കണക്ക് അറിഞ്ഞാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. 1.14 ലക്ഷം കോടി രൂപ!. 2015 മാർച്ചിൽ  അവസാനിച്ച സാമ്പത്തിക വർഷം എഴുതിത്തള്ളിയ കിട്ടാകടം മാത്രം 2013 മുതലുള്ള വായ്പകളുടെ 85 ശതമാനം വരും. ബാങ്കുകള്‍ വേര്‍ത്തിരിച്ചുള്ള കണക്കുകളെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് കിട്ടാകടത്തിന്‍റെ കണക്കില്‍ മുന്നില്‍. രണ്ടാം യു.പി.എ സർക്കാരിന്‍റെ കാലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ കൊടുത്ത കടങ്ങളാണ് ഇപ്പോൾ കിട്ടാക്കടമായി മാറിയതിൽ കൂടുതലും.

സാമ്പത്തിക വളർച്ച മുരടിക്കുന്നതിന്‍റെ ഒരു സൂചകമാണ് കിട്ടാക്കടങ്ങൾ പെരുകുന്നത്. സർക്കാർ  കണക്കുകളിൽ ഉള്ള  7  ശതമാനത്തിന് മേലെയുള്ള വളർച്ച വിശ്വസനീയമല്ലെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നത് ഇത് കൊണ്ട് കൂടിയാണ്. ആവശ്യം കാണിച്ച് വായ്പ എടുത്തശേഷം തുക വകമാറ്റി ചെലവഴിക്കുകയോ, സാമ്പത്തിക സ്ഥിതി ഭദ്രമായിട്ടും വായ്പ തിരിച്ചടക്കാത്തവരുമായ കമ്പനികളും ഈട് വെച്ച വസ്തു ബാങ്കിനെ അറിയിക്കാതെ ക്രയവിക്രയം നടത്തിയവരും ഇക്കൂട്ടത്തിലുണ്ട്.

ഇന്ദിരാഗാന്ധിയുടെ 1969 ജൂലൈ 19ന്‍റെ ബാങ്ക് ദേശസാത്കരണ പ്രഖ്യാപനം ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒരു വൻ വിപ്ലവത്തിന് വഴി തെളിച്ചു. ടാറ്റ,  ബിർള തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ  കൈയടക്കിവെച്ച 14 പ്രധാന ബാങ്കുകളെ ഒരു ഓര്‍ഡിനന്‍സിലൂടെ ഇന്ദിരഗാന്ധി സര്‍ക്കാർ ദേശസാൽക്കരിച്ചു. ബാങ്കുകളുടെ വിശ്വാസ്യത വർധിപ്പിക്കാനും ബാങ്കിംഗ് സേവനം സാധാരണക്കാരിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിച്ചു.

1969ൽ  കേവലം 4800 കോടി രൂപയായിരുന്നു  ബാങ്ക് നിക്ഷേപം 2018 മാർച്ചിലെ കണക്കുപ്രകാരം.114 ലക്ഷം കോടി രൂപയായി. വായ്പയാകട്ടെ, 3400 കോടി യില്‍ നിന്നും 84 ലക്ഷം കോടിയിലെത്തി. അഗോളവൽക്കരണ നയങ്ങൾ തുടങ്ങിയ തൊണ്ണൂറുകളിലെ ഒന്നാം നരസിംഹം കമ്മിറ്റിയുടെ ശുപാർശകളാണ് ബാങ്കിങ് നയങ്ങളുടെ പിൻ നടത്തത്തിന് തുടക്കം കുറിച്ചത്. ജനസേവനത്തിനും സാമൂഹികനീതിക്കും പകരം, മുന്തിയ ലാഭവും നിക്ഷിപ്തതാല്പര്യങ്ങളും മുഖമുദ്രയായി. ഗ്രാമീണശാഖകൾ പൂട്ടി തുടങ്ങി. ബാങ്കുകളുടെ മനോഭാവത്തിൽ  വന്ന മാറ്റങ്ങളുടെ ഫലമായി ബാങ്ക് വായ്പകളിലെ സിംഹഭാഗവും സ്വകാര്യ കുത്തകൾകക്ക് നല്കാൻ തുടങ്ങി.
ഇതേ സമയം തന്നെ ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ  പ്രവർത്തനം തടസ്സപ്പെടുത്താനും ശ്രമിക്കുന്നു.

ഇന്ത്യയിലെ ആകെ ബാങ്ക് വായ്പയിലെ 53 ശതമാനം തുകയും 500 കോടി രൂപയിൽ കൂടുതൽ  തുക വായ്പയെടുത്തവർക്കാണ്  നൽകിയിരിക്കുന്നത്. അഞ്ചു കോടി രൂപയ്ക്ക് താഴെയുള്ളവർക്ക് നൽകിയതാകട്ടെ കേവലം ഒമ്പതു ശതമാനം മാത്രം. കോർപറേറ്റുകൾക്ക് ഭരണാധികാരകേന്ദ്രങ്ങളിലുള്ള വഴിവിട്ട സ്വാധീനം മൂലമാണ് ഇത് സാധിക്കുന്നത്. വലിയൊരു ശതമാനം കിട്ടാകടവും കോര്‍പറേറ്റ് ലോണുകളാണ്. ഏറ്റവും വലിയ തുക വായ്പ എടുത്ത ചിലര്‍ തന്നെയാണ് ഏറ്റവും വലിയ തുക അടക്കാതെ വീഴ്ച വരുത്തിയിരിക്കുന്നതും.

1969ലെ ബാങ്ക് ദേശസാത്കരണത്തെ എതിർത്തിരുന്ന ജനസംഘത്തിന്‍റെ പിൻഗാമിയാണ്   ഇപ്പോഴത്തെ കേന്ദ്ര സർക്കാറിനെ നയിക്കുന്നത്. അതുകൊണ്ട് തന്നെ പൊതുമേഖലാ ബാങ്കുകളുടെ തകർച്ച  ബി.ജെ.പി യെ സംബന്ധിച്ച് ഒരു വിഷയമല്ല. നെഹ്റുവിന്‍റെയും ഇന്ദിരാഗാന്ധി യുടെയും സോഷ്യലിസ്റ്റ് നയങ്ങൾ എന്നേ  ഉപേക്ഷിച്ച കോൺഗ്രസിന്‍റെയും അവസ്ഥ അത് തന്നെ. വമ്പൻ കമ്പനികളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുപകരം കമ്പനിയെ നിയമപരമായി രക്ഷിക്കാൻ ബാങ്കുകൾതന്നെ അനുവാദം ഒരുക്കിക്കൊടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്.

ബാങ്കുകളെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഒറ്റമൂലിയായി നവ ലിബറൽ സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത് ബാങ്കുകളുടെ സ്വകാര്യവൽക്കരണം ആണ്.വെടക്കാക്കി തനിക്കാക്കുന്നതിന്‍റെ ഉത്തമ ഉദാഹരണം.

0Shares