കോൺഗ്രസ്സും സി.പി.എമ്മും ബംഗാളിൽ ഒരുമിച്ചു പ്രവർത്തിക്കും; ശക്തി പ്രകടനമായി റാലി സംഘടിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing കോൺഗ്രസ്സും സി.പി.എമ്മും ബംഗാളിൽ ഒരുമിച്ചു പ്രവർത്തിക്കും; ശക്തി പ്രകടനമായി റാലി സംഘടിപ്പിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നാമാവശേഷമായി മാറിയ കോൺഗ്രസ്‌, സി.പി.എം എന്നീ പാർട്ടികൾ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. ഇതിന് മുന്നോടിയായി ഇന്നലെ ഭട്പരയില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് റാലി നടത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സോമെന്‍ മിത്ര, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി നരെന്‍ ചാറ്റര്‍ജി എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ ഭട്പരയില്‍ നടന്നുവരികയാണ്. ഇതിനെതിരെ കൂടെയായിരുന്നു ഇരുപാർട്ടികളും ചേർന്നു സംഘടിപ്പിച്ച സമാധാന റാലി. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും വര്‍ഗീയ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നതെന്നും മതേതര കക്ഷികളായ കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമേ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കൂ എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സൊമെന്‍ മിത്ര പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ ഒരു സീറ്റ് പോലും നേടാന്‍ സി.പി.എമ്മിന് സാധിച്ചിരുന്നില്ല. ഏഴ് ശതമാനത്തിലേക്ക് വോട്ടും കുറഞ്ഞിരുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ സംസ്ഥാനത്ത് ഇനി തിരികെ വരണമെങ്കില്‍ പരസ്പരം കൈകോര്‍ക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഇരുപാര്‍ട്ടികളും തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് ഒരുമിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനം.

0Shares