
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ‘വീക്ഷണം’ പത്രത്തിന്റെ അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പത്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് കാണിച്ചാണ് കേന്ദ്രം കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്. കമ്പനി ഡയറക്ടര്‍മാരായ ആറുപേരെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വി. എം സുധീരന്‍ അടക്കമുള്ളവരാണ് ഡയറക്ടര്‍ സ്ഥാനത്തുള്ളത്.

ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്ത് ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഒരു ലക്ഷത്തോളം പേരെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അയോഗ്യരാക്കുകയും ചെയ്തു. എന്നാല്‍ നിലവില്‍ പത്രം പ്രസിദ്ധീകരിക്കുന്നതിന് തടസമില്ല.കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം റദ്ദാക്കിയതായും രേഖകള്‍ വ്യക്തമാക്കുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി എന്നിവരുള്‍പ്പെടെ നോര്‍ക്കയുടെ പതിനൊന്ന് ഡയറക്ടര്‍മാരെയും 2013ലെ കമ്പനീസ് ആക്ട് പ്രകാരം അയോഗ്യരാക്കിയതായും കോര്‍പ്പറേറ്റ് മന്ത്രാലയം അറിയിച്ചു. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 12000 ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്.
