കോവളത്ത് ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഹോട്ടലുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

  • Post category:news
  • Reading time:1 min read
You are currently viewing കോവളത്ത് ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഹോട്ടലുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.

തിരുവനന്തപുരം: ഹോട്ടലുടമയുടെ മൃതദേഹം വഴിയരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം കിടാരകുഴി അമ്പലംകെട്ടിയവിള മീനാക്ഷി ഭവനില്‍ കെ.എസ്.ഇ.ബി റിട്ട. സബ് എന്‍ജിനീയര്‍ മധുസൂദനന്റെ(59) മൃതദേഹമാണ് ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് കണ്ടെത്തിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം കാട്ടാക്കട മുതിയവിളയില്‍ കാട്ടാല്‍ എന്ന പേരില്‍ റസ്റ്റോറന്റ് നടത്തി വരികയാണ് മധുസൂദനന്‍. എല്ലാ ദിവസവും രാത്രി 9:30 നാണ് റസ്റ്റോറന്റ് അടച്ച് വീട്ടിലേക്ക് പുറപ്പെടുന്നത്.

 

ബുധനാഴ്ച്ച രാത്രി കടയടച്ചതിനു ശേഷം ഭാര്യയെ ഫോണ്‍ വിളിച്ച് വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. രാത്രി ഏറെ വൈകിയും ഇയാളെ കാണാത്തതിനാല്‍ ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഔട്ട് ഓഫ് കവറേജ് എന്ന മറുപടിയാണ് ലഭിച്ചത്. ഇന്നലെ രാവിലെ വീടിന്റെ കുറച്ചകലെ മധുസൂദന്റെ വണ്ടി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തിയത്. കടബാദ്ധ്യതയെ തുടര്‍ന്ന് മധുസൂദനന്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ നിഗമനം. വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തില്‍ പോലീസ് എത്തി വിരലടയാള വിദ്ധഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെ തെളിവെടുപ്പ് നടത്തി.

0Shares