
ആലപ്പുഴ : കോഴി വില 87 രൂപയാക്കണമെന്ന സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ. ഇതോടെ വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക്ക് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതല്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ വിളിച്ചാല്‍ ഇനിയും ചര്‍ച്ചയ്ക്കു തയാറാണെന്നും വ്യാപാരി പ്രതിനിധികള്‍ പറഞ്ഞു. ഇറച്ചിക്കോഴിക്ക് 87 രൂപ ഈടാക്കി വില്പന നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. കിലോക്ക് നൂറു രൂപയെങ്കിലുമാക്കി മാറ്റി നിശ്ചയിക്കണമെന്ന് പൗള്‍ട്രി അസോസിയേഷന്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായതെന്നും ഇത് സമ്മതിക്കാനാവില്ലെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

ഇതരസംസ്ഥാനത്തുനിന്നും കൂടിയ വിലക്കാണ് കോഴി ലഭിക്കുന്നതെന്നും അതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടു പോകാന്‍ ആവില്ലെന്നും ഫെഡറഷന്‍ വ്യക്തമാക്കി. ജി.എസ്.ടി യില്‍ ഇറച്ചിക്കോഴി ഉള്‍പ്പെടാത്തതിനാലാണ് സര്‍ക്കാര്‍ വില കുറച്ചത്. ഇത് ഏകപക്ഷീയ തീരുമാനമാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു. കർഷകരുടെ പിടിവാശി ചില ലോബികളെ സഹായിക്കാനാണെന്നും, അതുകൊണ്ട്തന്നെ കോഴിക്കടത്തുമായി ബന്ധപ്പെട്ട മേഖലകളിൽ പരിശോധന കർശനമാകുമെന്നും മന്ത്രി പറഞ്ഞു.