കോപ്പ അമേരിക്ക: ഇരട്ടഗോള്‍ ജയവുമായി അര്‍ജന്റീന സെമിയില്‍; കാത്തിരിക്കുന്നത് ബ്രസീലുമായുള്ള സ്വപ്നസെമി

  • Post category:news
  • Reading time:1 min read
You are currently viewing കോപ്പ അമേരിക്ക: ഇരട്ടഗോള്‍ ജയവുമായി അര്‍ജന്റീന സെമിയില്‍; കാത്തിരിക്കുന്നത് ബ്രസീലുമായുള്ള സ്വപ്നസെമി

റിയോ ഡി ജനീറോ: കോപ്പയിൽ ആരാധകർ കാത്തിരുന്ന സെമിപ്പോരാട്ടത്തിന് അരങ്ങൊരുങ്ങി. ക്വാർട്ടറിൽ വെനസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചാണ് അർജന്റീന സെമി പോരാട്ടത്തിലേക്ക് കടന്നെത്തിയത്. ആരാധകർക്ക് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. ബുധനാഴ്ച(ജൂലൈ 3) രാവിലെ ആറു മണിക്ക് ബ്രസീൽ–അർജന്റീന സ്വപ്നസെമിക്കായി.

വെനസ്വേലയുമായുള്ള ക്വാർട്ടർ മൽസരത്തിലെ പത്താം മിനിറ്റിൽ മാർട്ടിനെസ്, എഴുപത്തിനാലാം മിനിറ്റിൽ ജിയോവാനി ലോ സെൽസോ എന്നിവരാണ് അർജന്റീനയ്ക്കു വേണ്ടി ഗോൾ കണ്ടെത്തിയത്. തുടക്കം മുതൽ ആക്രമണ ശൈലിയിലാണ് അർജന്റീന മുന്നേറിയത്. ലയനൽ മെസ്സിയുടെ കോർണർ കിക്കിൽ അഗ്യൂറോയുടെ പിന്തുണയോടെയാണ് മാർട്ടിനെസ് ഗോൾ വല കുലുക്കിയത്. ഖത്തറിനെതിരേയും മാര്‍ട്ടിനെസ് ഗോള്‍ നേടിയിരുന്നു. കോപ്പ അമേരിക്കയില്‍ മാര്‍ട്ടിനെസിന്‍റെ രണ്ടാം ഗോളാണിത്. രണ്ടാം പകുതിയിൽ ഡി പോൾ നൽകിയ പാസ് ഏറ്റെടുത്തു മുന്നേറിയ അഗ്യുറോയുടെ ഷോട്ട് ഗോളി തടഞ്ഞെങ്കിലും തൊട്ടുപിന്നാലെ ഓടിക്കയറിയ സെൽസോ ഗോൾ കണ്ടെത്തുകയായിരുന്നു.

2008 ബെയ്ജിങ് ഒളിംപിക്സ് സെമി ഫൈനലിലാണ് ഏറ്റവുമൊടുവിൽ അർജന്റീനയും ബ്രസീലും കൊമ്പുകോർത്തത്. കോപ്പ അമേരിക്ക ഫുട്ബോളിൽ പന്ത്രണ്ടു വർഷം മുൻപ്, 2007 ൽ വെനസ്വേലയിൽ നടന്ന ഫൈനലിലാണ് ബ്രസീലുമായി അർജന്റീന ഇതിനു മുൻപ് മുഖാമുഖം വന്നത്. മെസ്സിയുടെ സാന്നിധ്യമുണ്ടായെങ്കിലും അർജന്റീന അന്ന് 3–0 ന് തോറ്റു മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെ ബെയ്ജിങ് ഒളിംപിക്സ് സെമിയിൽ ബ്രസീലിനെ 3–0 എന്ന സ്കോറിനു തന്നെ അർജന്റീന പരാജയപ്പെടുത്തി ഇതിനു പകരം വീട്ടുകയും ചെയ്തു.

0Shares