റഷ്യ; തുല്ല്യശക്തികള്‍ തമ്മിലുള്ള കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനല്‍ പോരാട്ടം ഇന്ന് രാത്രി നടക്കും. ജര്‍മനിയും ചിലിയുമാണ് ഫൈനലിനുള്ള ടീമുകള്‍. മെക്സിക്കോയെ തോല്‍പ്പിച്ചായിരുന്നു ജര്‍മനിയുടെ ഫൈനല്‍ പ്രവേശനം. എന്നാല്‍ കരുത്തരായ പോര്‍ച്ചുഗലിനെ കീഴടക്കിയാണ് ചിലി കലാശപ്പോരിലെത്തിയത്. രാത്രി 11:30 നാണ് ഫൈനല്‍ മത്സരം. പോര്‍ച്ചുഗല്‍ മെക്സിക്കോ ലൂസേഴ്സ് ഫൈനല്‍ വൈകുന്നേരം 5:30 നാണ്. വന്‍കരകളിലെ ചാമ്പ്യന്‍പട്ടത്തിന് പുതിയ അവകാശികള്‍ ആരെന്ന കാത്തിരിപ്പിലാണ് സോക്കര്‍ ലോകം. ജോക്കിം ലോയുടെ ചാണക്യതന്ത്രങ്ങളോ ക്ലോഡിയോ ബ്രാവോയുടെ കൈകരുത്തോ. ലോക ചാമ്പ്യന്മാരെന്ന പകിട്ടുമായാണ് ജര്‍മന്‍ സംഘം റഷ്യയിലെത്തിയത്. ചെറുപ്പക്കാരുടെ നിരയുമായാണ് ഇക്കുറി കോച്ച് ജോക്കിം ലോ ടീമിനെ അണിയിച്ചൊരുക്കിയത്. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് ജയിച്ചാണ് ജര്‍മനിയുടെ തുടക്കം. രണ്ടാം മത്സരത്തില്‍ ചിലിയോട് ജര്‍മനിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ തകര്‍ത്ത് ജര്‍മന്‍ സംഘം അവസാന നാലിലെത്തി.

മെക്സിക്കോക്കെതിരായ സെമിയില്‍ ഒന്നിനെതിരെ നാലുഗോളിന്റെ തകര്‍പ്പന്‍ ജയത്തോടെയാണ ടീമിന്റെ ഫൈനല്‍ പ്രവേശം. ടിമോ വെര്‍ണര്‍, ലിയോണ്‍ ഗൊരേറ്റ്സ്‌ക്ക എന്നിവരുടെ ചടുല മുന്നേറ്റം തടയുക ചിലി പ്രതിരോധനത്തിന് കനത്ത തലവേദനാണ്. ടൂര്‍ണമെന്റില്‍ ഗംഭീര കളിതന്നെയാണ് ചിലി പുറത്തെടുത്തത്. കാമറൂണിനെ ഏകപക്ഷീയമായ രണ്ടുഗോളിന് തോല്‍പ്പിച്ചാണ് തുടക്കം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് സമനിലയും ഒരു ജയമുള്‍പ്പെടെ അഞ്ച് പോയന്റ് നേടിയാണ് ടീം സെമിയിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മ്മനിയെ സമനിലയിലാക്കി കലാശപ്പോരാട്ടത്തിനൊരുങ്ങിയപ്പോള്‍ ചിലിക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല. ആവേശം വിതറിയ സെമിയില്‍ പോര്‍ച്ചുഗലിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ മടക്കി അയച്ചാണ് ലാറ്റിനമേരിക്കന്‍ സംഘത്തിന്റെ ഫൈനല്‍ പ്രവേശം. പോര്‍ച്ചുഗലിനെതിരെ നായകന്‍ ക്ലോഡിയോ ബ്രാവോയുടെ തകര്‍പ്പന്‍ സേവുകളാണ് ചിലിക്ക് ഫൈനല്‍ സമ്മാനിച്ചത്. മികച്ച ഫോമിലുളള ബ്രാവോയുടെ സാന്നിധ്യം ജര്‍മ്മന്‍ മുന്നേറ്റനിരക്ക് കനത്ത വെല്ലുവിളിയുണ്ടാക്കും. ജര്‍മന്‍ കോച്ച് ജോക്കിം ലോയും ചിലി ക്യാപ്റ്റന്‍ ബ്രാവോയും തമ്മിലുളള പോരാട്ടമാകുമെന്നാണ് രാജ്യാന്തരമാധ്യമങ്ങള്‍ പറയുന്നത്. ആര് ജയിച്ചാലും അടുത്ത ലോകകപ്പ് റഷ്യയിലായതിനാല്‍ അതുനല്‍കുന്ന ആത്മവിശ്വാസം വലുതായിരിക്കും.