
ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിൻ്റെ പശു സംരക്ഷണത്തെ വിമര്‍ശിച്ച് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. മധ്യപ്രദേശില്‍ പശുക്കള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റു നിരവധി വിഷയങ്ങള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അവയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടിയിരുന്നതെന്നും സച്ചിന്‍ പറഞ്ഞു.
പശു സംരക്ഷണത്തിൻ്റെ പേരില്‍ മധ്യപ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ഉപയോഗിച്ച് ആളുകളെ അറസ്റ്റ് ചെയ്ത നടപടിയെയും സച്ചിന്‍ കുറ്റപ്പെടുത്തി. ‘മൃഗങ്ങളെ സംരക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ പശു സംരക്ഷണത്തെക്കാള്‍ മുന്‍തൂക്കം നൽകേണ്ടത് മനുഷ്യർക്കാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. എന്നാൽ മധ്യപ്രദേശില്‍ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടയാള്‍ മുഖ്യമന്ത്രി കമല്‍നാഥ് ആണെന്നും അദ്ദേഹം അത് ചെയ്യുമെന്നാണ് എൻ്റെ വിശ്വാസമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.
നിലവില്‍ പശുസംരക്ഷണത്തിൻ്റെ പേരില്‍ മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്‍.എസ്.എ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം ആദ്യമായാണ് ഗോവധത്തിന് എന്‍.എസ്.എ ചുമത്തി കേസെടുക്കുന്നത്. ഗുരുതരമായ ദേശദ്രോഹകുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ ചുമത്തുന്ന വകുപ്പാണ് എന്‍.എസ്.എ. ഈ വകുപ്പ് പ്രകാരം കേസെടുത്തത് ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും രംഗത്ത് വന്നത്.
