
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി യോജിക്കേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയില്‍ തീരുമാനം. വോട്ടെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് തീരുമാനം. പ്രകാശ് കാരാട്ട് പക്ഷത്തിനു പൂര്‍ണ വിജയം നല്‍കുന്ന തീരുമാനമാണിത്. ബി.ജെ.പിക്കെതിരായി രൂപവത്ക്കരിക്കാന്‍ സി.പി.എം ഉദ്ദേശിക്കുന്ന അഖിലേന്ത്യാ സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തേണ്ടതില്ലാ എന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസുമായി സംസ്ഥാനങ്ങളിലും കൂട്ടുകെട്ട് ഉണ്ടാകില്ല. ഈ നയം തന്നെ തുടരാന്‍ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിലും തീരുമാനിക്കപ്പെടുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നായി ഈ തീരുമാനം മാറാനാണ് സാധ്യത.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ ഒറ്റയ്ക്ക് ഫലപ്രദമായി പ്രതിരോധിക്കുക എന്നത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം സമീപകാല ഭാവിയിലൊന്നും സ്വപ്‌നം കാണാന്‍ പോലും കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല കോണ്‍ഗ്രസിതര മതേതര കക്ഷികളുമായി ചേര്‍ന്ന് ദേശീയതലത്തില്‍ സഖ്യമുണ്ടാക്കി ആര്‍എസ്എസ്-ബിജെപി ശക്തികളെ നേരിടാമെന്ന സി.പി.എമ്മിന്റെ ഉള്ളിലിരിപ്പ് എത്രത്തോളം പ്രായോഗികമാകും എന്നതും കണ്ടുതന്നെ അറിയണം. പ്രത്യേകിച്ചും മുറയ്ക്ക് നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുന്ന ജനതാ പരിവാറിലെ പാര്‍ട്ടികളെയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും എത്രത്തോളം വിശ്വസിക്കാന്‍ കഴിയും എന്ന് പ്രവചിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍.
കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ട കാര്യത്തില്‍ പ്രകാശ് കാരാട്ട് പക്ഷം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ ഈ പ്രശ്നം വോട്ടെടുപ്പിലേക്ക് നീങ്ങും എന്ന സൂചനകള്‍ രാവിലെ ശക്തമായിരുന്നു. എന്നാല്‍ സി.പി.എം കേന്ദ്രകമ്മറ്റിയില്‍ ഭൂരിപക്ഷവും ഈ ലൈനിനു എതിരായതിനാല്‍ വോട്ടെടുപ്പ് പോലും വേണ്ടെന്നു സി.സി തീരുമാനിക്കുകയായിരുന്നു. സഹകരണം പൂര്‍ണമായും തള്ളരുതെന്നാണ് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടത്. ശനിയാഴ്ച തുടങ്ങിയ കേന്ദ്രകമ്മിറ്റിയില്‍ സംസാരിച്ച അംഗങ്ങളില്‍ പകുതിയിലധികം പേരും പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ചവരില്‍ വി.എസ് അച്യുതാനന്ദനും തോമസ് ഐസക്കും ഒഴികെയുള്ളവര്‍ കാരാട്ടിന്റെ നിലപാടിനെയാണ് പിന്തുണച്ചത്. കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാട് മാറ്റം വേണ്ടെന്നാണ് കേരളഘടകത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
ആശയപരമായ വിയോജിപ്പുകളല്ലാതെ ഏതെങ്കിലും തരത്തിലുള്ള വിഭാഗീയത സി.പി.എമ്മിന്റെ ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുള്ള ആരെയും നിരാശപ്പെടുത്തുന്നുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത്തരത്തിലൊരു വിഭാഗീയത കേന്ദ്രകമ്മിറ്റി ചര്‍ച്ചകളിലുണ്ടായി എന്നുവേണം അനുമാനിക്കാന്‍. അത് കേവലം രണ്ട് സംസ്ഥാനങ്ങളിലേയ്ക്കായി ഒതുങ്ങിയ പാര്‍ട്ടിയെ കൂടുതല്‍ ക്ഷീണിപ്പിക്കും. പശ്ചിമബംഗാളില്‍ അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് സി.പി.എം പോലും പ്രതീക്ഷിക്കുന്നില്ല. പിന്നയുള്ള കേരളവും ത്രിപുരയുമാണ്. ത്രിപുര താരതമ്യേന ചെറിയൊരു സംസ്ഥാനമാണ്. അപ്പോള്‍ പിന്നെ കേരളമാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതീക്ഷകളുടെ തുരുത്ത്.
2004ല്‍ യു.പി.എ സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണച്ചുകൊണ്ട് ദേശീയതലത്തില്‍ തങ്ങള്‍ക്ക് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചുകൊടുത്തവരാണ് ഇടതുപക്ഷം. എന്നാല്‍ പിന്നീട് അവര്‍ അതില്‍ നിന്ന് പിന്നോക്കം പോയത് രണ്ടാം യു.പി.എ സര്‍ക്കാരിന്റെ പ്രകടനത്തില്‍ കാര്യമായി നിഴലിക്കുകയും ചെയ്തിരുന്നു. കൊടും അഴിമതികളാണ് ആ മന്ത്രിസഭയുടെ നിറം കെടുത്തിയത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെയുള്ള സര്‍ക്കാരായിരുന്നു അതെങ്കില്‍ അങ്ങിനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്ന പാര്‍ട്ടി അണികളുണ്ട്.
