
ഒരാള്‍ ഒരു പദവി വാദവുമായി കോണ്‍ഗ്രസ് അധ്യക്ഷയെ സമീപിക്കാനിരിക്കുന്ന കെ.മുരളീധരന്‍ എം.പിക്കെതിരെ കെ.പി.സി.സീ വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ്. ഒരാൾ ഒരു പദവി എന്നത് അംഗീകരിക്കില്ലെന്നും ജനപ്രതിനിധികളായത് തങ്ങളുടെ കുറ്റമല്ലെന്നും കൊടിക്കുന്നിൽ തുറന്നടിച്ചു.
പുനഃസംഘടനയ്‌ക്ക് പൊതുമാനദണ്ഡം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽക്കണ്ട് കെ മുരളീധരൻ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിയോജിപ്പുമായി കൊടികുന്നിൽ സുരേഷ് രംഗത്തുവന്നത്. വർക്കിങ് പ്രസിഡന്റുമാർക്ക് പകരം വൈസ് പ്രസിഡന്റുമാർ മതിയെന്ന നിലപാടാണ് മുല്ലപള്ളി രാമചന്ദ്രന്. ഇതിലുള്ള എതിർപ്പും കൊടിക്കുന്നിൽ പരസ്യമാക്കി.

വർക്കിങ് പ്രസിഡന്റുമാരെക്കുറിച്ച് ചർച്ചയേ വേണ്ട എന്ന നിലപാടാണ് കൊടിക്കുന്നിലിന്. പുനഃസംഘടനയല്ല; വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ നിയമനമാണ് ചർച്ചചെയ്യേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. ജനപ്രതിനിധികളെ സ്ഥാനത്തേയ്ക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത് ഐ ഗ്രൂപ്പ് ആണ്. ജനപ്രതിനിധികൾ കൂടുതലുള്ള തങ്ങൾക്ക് അക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നാണ് ഐ ഗ്രൂപ്പിന്‍റെ നിലപാട്.
ഒരാൾ ഒരു പദവി എന്നത് അംഗീകരിക്കാൻ തയ്യാറാണെന്ന് എ ഗ്രൂപ്പ് വ്യക്തമാക്കി. ഉമ്മൻചാണ്ടി, മുല്ലപ്പള്ളി, രമേശ് ചെന്നിത്തല എന്നിവർ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭാരവാഹിത്വം പങ്കിട്ട് പുനഃസംഘടനയ്‌ക്ക് കളമൊരുക്കിയപ്പോഴാണ് തർക്കം മറനീക്കിയത്. ഇതോടെ പുനഃസംഘടനാ നീക്കം കുഴഞ്ഞുമറിഞ്ഞു.എത്രയും പെട്ടെന്ന് പുനഃസംഘടന പൂർത്തിയാക്കാനാണ് മുല്ലപ്പള്ളിയുടെ നീക്കം. അതിനായി എ. കെ ആന്റണിയുടെ സഹായം തേടി. ഗ്രൂപ്പുകളെ അംഗീകരിക്കാം. എന്നാൽ, അതിന്‍റെ പേരിൽ പുനഃസംഘടന നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന നിലപാടാണ്
മുല്ലപ്പള്ളിക്ക്. വ്യാഴാഴ്‌ച ഡൽഹിയിൽ നടക്കുന്ന രാജീവ് ഗാന്ധി അനുസ്മരണചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ മുല്ലപ്പള്ളി പുനഃസംഘടനാവിഷയങ്ങൾ ഹൈക്കമാൻഡുമായി ചർച്ചചെയ്യും. അവിടെനിന്ന് ലഭിക്കുന്ന നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന.
