കുട്ടനാട്: വെള്ളപ്പൊക്കത്തില്‍ വലയുന്ന കുട്ടനാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വീണ്ടും കനത്തമഴ. ഞായറാഴ്ച രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴമൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ ആശങ്കയിലാണ്. തിങ്കളാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുകയാണ്. ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്കയുളവാക്കുകയാണ്.
കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളിലും കുട്ടനാട്ടിലും ജനജീവിതം ഇനിയും സാധാരണ നിലയിലായിട്ടില്ല. കുട്ടനാട്ടില്‍ ഗതാഗത സംവിധാനവും വൈദ്യുതിയും പലയിടങ്ങളിലും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.രണ്ട് ദിവസത്തിനകം വീടുകളിലേക്ക് തിരിച്ചുപോകാമെന്ന പ്രതീക്ഷയില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം പുഴയും കനാലും പാടശേഖരങ്ങളും കവിഞ്ഞെത്തിയ പ്രളയജലത്തില്‍ ആലപ്പുഴ ചങ്ങനാശേരി റോഡ് മുങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു.
റോഡുഗതാഗതം പൂര്‍ണമായി നിലച്ചിട്ട് ആറ് ദിവസവും. ഇപ്പോഴും റോഡിലൂടെ പോകാന്‍ വള്ളങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്കാശ്രയം. തുടര്‍ച്ചയായ മഴയില്‍ പാടശേഖരങ്ങളിലുണ്ടായ മടവീഴ്ചയാണ് എസി റോഡിനെ വെള്ളക്കെട്ടിലാക്കിയത്. കളര്‍കോട് മുതല്‍ പെരുന്നവരെയുള്ള ഭാഗങ്ങളില്‍ കര കാണുന്നത് ചുരുക്കം. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും എസി റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ഇനിയും വൈകും.
കോട്ടയത്തും കുട്ടനാട്ടിലും ഇന്നും കനത്ത മഴ; ജലനിരപ്പു ഉയരുന്നതില്‍ ജനങ്ങളില്‍ ആശങ്ക