കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്ക്കെതിരെ ബലാത്സംഗക്കേസ്; ആരോപണങ്ങള്‍ ഭീഷണിപ്പെടുത്താൻ; നിഷേധവുമായി ബിനോയ് കോടിയേരി‌

  • Post category:news
  • Reading time:1 min read
You are currently viewing കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്ക്കെതിരെ ബലാത്സംഗക്കേസ്; ആരോപണങ്ങള്‍ ഭീഷണിപ്പെടുത്താൻ;  നിഷേധവുമായി ബിനോയ് കോടിയേരി‌

സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനും വ്യവസായിയുമായ ബിനോയ് കോടിയേരിയ്ക്കെതിരെ മുംബൈയിൽ ബലാത്സംഗക്കേസ്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായാണ് മുംബൈ സ്വദേശിനിയായ 33കാരിയുടെ പരാതിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നു.
2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി.

സംഭവത്തിൽ പരാതി പ്രകാരം ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിനോയ് കോടിയേരിയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 13നാണ് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് വയസ്സുള്ള ഒരു കുട്ടിയുടെ അമ്മയാണ് പരാതിക്കാരി. മുംബൈ മിറ റോഡിലെ താമസക്കാരിയായ യുവതി മുൻപ് ദുബായിൽ ഒരു ബാര്‍ ഡാൻസറായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടെയാണ് ബിനോയ് പരിചയപ്പെടുന്നത്.

എന്നാൽ കഴിഞ്ഞ വര്‍ഷം മാത്രമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും കേരളത്തിൽ രണ്ട് കുട്ടികളുണ്ടെന്നും യുവതി മനസ്സിലാക്കിയത്. സംഭവത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും പ്രതിക്കയ്ക്കെതിരെ നടപടി എടുക്കുന്നതിനു മുൻപായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും ഓഷിവാര പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇൻസ്പെക്ടറായ ശൈലേഷ് പസൽവാര്‍ പറയുന്നു. ബിനോയ് കോടിയേരിയ്ക്കായി ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.

അതേസമയം, പരാതിക്കാരിയെ അറിയാമെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. എന്നാൽ ഭീഷണിപ്പെട്ടുത്താനുള്ള ശ്രമമാണ്. ഇതിനെതിരെ പോലീസില്‍ പരാതി നൽകിയിന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്നും ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നു, ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. പുതിയ പരാതിക്കെതിരെ മുംബൈയിൽ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കുന്നു.

0Shares