കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ ജനജാഗ്രതാ യാത്രയ്ക്ക് ഉപയോഗിച്ച് വാഹനം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലിന്റെത്. കാര്‍ പ്രവര്‍ത്തകര്‍ ഒരുക്കിക്കൊടുത്തതാണെന്ന് സംഭവത്തെ കുറിച്ച് പാര്‍ടി അന്വേഷിക്കുമെന്നും കോടിയേരി പ്രതികരിച്ചു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍. പ്രധാനപ്രതി ഷഹബാസിന്റെ പങ്കാളിയായിരുന്നു ഫൈസലെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ വിചാരണ തുടങ്ങിയിട്ടില്ല. സിപി.എം സംസ്ഥാന സെക്രട്ടറി കോടിയരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ ഫൈസലിന്റെ കാര്‍ ഉപയോഗിച്ചത് വിവാദമായിരുന്നു.അതേസമയം കേസില്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നതായി കാരാട്ട് ഫൈസല്‍ സ്ഥിരീകരിച്ചു. കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കോഫെ പോസ ചുമത്തിയിട്ടില്ല. കേസിലെ ഒരു പ്രതിയുടെ വാഹനം തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നുവെന്നും ഫൈസല്‍ വ്യക്തമാക്കി.അതേസമയം കോടിയേരിയുടെ കാര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നും പ്രതികരിച്ചില്ല. കോടിയേരിയുടെ യാത്രക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമല്ലെന്നും, കൊടുവള്ളിയിലെ ഐ.എന്‍.എല്‍ മുനിസിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ച പ്രകാരമാണ് വാഹനം നല്‍കിയതെന്നും ഫൈസല്‍ കാരാട്ട് പറഞ്ഞു. അതേസമയം കള്ളക്കടത്ത് കേസിലെ പ്രതിയുടെ ആഡംബര കാറില്‍ കോടിയേരി ബാലകൃഷ്ണന്‍ യാത്രചെയ്തതായി ബിജെപി നേതാവ് കെ സുരേന്ദ്രനാണ് ഫെയ്സ്ബുക്കില്‍ ആരോപണം ഉന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയ സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതിയും അതിന്റെ പേരില്‍ കോഫേപോസ ചുമത്തപ്പെട്ടയാളുമായ ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത് എന്നാണ് കെ സുരേന്ദ്രന്‍ ആരോപിച്ചത്. ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ എന്നും സുരേന്ദ്രന്‍ ചോദിച്ചു.
കാരാട്ട് ഫൈസലിന്റെ ഫേസ് ബുക്കിലെ പൂര്‍ണരൂപം
കൊടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കൊടുവള്ളിയില്‍ നടന്ന എല്‍.ഡി.എഫ് ജനജാഗ്രതാ യാത്രയില്‍ എന്റെ കാറ് സ്വീകരണത്തിന് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ വസ്തുതാ വിരുദ്ധവും അടിസ്ഥാന രഹിതവുമായ ഒരു പോസ്റ്റിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റി പറമ്പത്തുകാവ് ഡിവിഷനിലെ കൗണ്‍സിലറായ എന്റെ വാഹനം ഈ സ്വീകരണ പരിപാടിയില്‍ ഉപയോഗിച്ചതില്‍ എന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കരുതുന്നില്ല.
വസ്തുതകള്‍ മനസ്സിലാക്കാതെ എനിക്കെതിരെ പോസ്റ്റിട്ട സുരേന്ദ്രന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതലും അദ്ദേഹത്തിന്റെ വിവരക്കേടാണ് വ്യക്തമാക്കുന്നത്. ആരെങ്കിലും ചര്‍ദ്ദിച്ചത് സ്വാദോടെ വിഴുങ്ങുകയും സോഷ്യല്‍ മീഡിയയില്‍ തുപ്പുകയും ചെയ്യുന്നതിന് മുമ്പ് സുരേന്ദ്രന് കാര്യമെന്ത് എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടത്താമായിരുന്നു.
2013 ല്‍ നടന്ന കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും അവരെ കോഫേപോസ പ്രകാരം കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തിരുന്നു. സ്ഥലത്തില്ലാത്ത രണ്ട് പേര്‍ക്കെതിരെ കോഫേപോസ നിയമപ്രകാരം കരുതല്‍ തടങ്കല്‍ ഉത്തരവ് നിലനില്‍ക്കുന്നതായുമാണ് എന്റെ അറിവ്. ഈ കേസിലെ ഒരു പ്രതിയും എന്റെ ബന്ധുവും സുഹൃത്തുമായിരുന്ന വ്യക്തിയുടെ ഭാര്യയുടെ പേരിലുള്ളഗഘ 57 H 7 എന്ന ഓഡി Q7 കാര്‍ എന്റെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു എന്നതിന്റെ പേരില്‍ എന്നെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. അതല്ലാതെ സുരേന്ദ്രന്‍ പറഞ്ഞതുപോലെ എനിക്കെതിരെ കോഫേപോസ ചുമത്തിയിട്ടില്ല. ഞാന്‍ ഒരു കേസിലും പ്രതിയുമല്ല. ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട അന്വേഷണ ഏജന്‍സിയായ ഡി.ആര്‍.ഐ എന്താണെന്ന് പോലും അറിയാത്ത കെ. സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണം എന്നെ വ്യക്തിപരമായി തേജോവധം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് എന്ന് മനസ്സിലാക്കുന്നതിനാല്‍ സുരേന്ദ്രനെതിരില്‍ മാനനഷ്ടക്കേസ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം വിലകുറഞ്ഞ കുപ്രചരണങ്ങളിലൂടെ എന്നെ തകര്‍ക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ടവര്‍ വൃഥാ വ്യായാമമാണ് നടത്തുന്നത് എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
ഫൈസല്‍ കാരാട്ട്.