കോടിയേരിക്കെതിരെ കൈക്കൂലി ആരോപണം; മാണി സി. കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി പുറത്തുവിട്ട് ഷിബു ബേബി ജോണ്‍; സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിട്ടില്ല; വ്യാജ പ്രചരണമെന്ന് മാണി.സി.കാപ്പന്‍

  • Post category:news
  • Reading time:2 mins read
You are currently viewing കോടിയേരിക്കെതിരെ കൈക്കൂലി ആരോപണം; മാണി സി. കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി പുറത്തുവിട്ട് ഷിബു ബേബി ജോണ്‍; സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിട്ടില്ല; വ്യാജ പ്രചരണമെന്ന് മാണി.സി.കാപ്പന്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണവുമായി ഷിബു ബേബി ജോണ്‍. കോടിയേരിക്കെതിരെ മാണി സി. കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴിയാണ് ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത്. കോടിയേരിക്കെതിരെ ഗുരുതര ആരോപണമാണ് ഷിബു ബേബി ജോണ്‍ ഉന്നയിക്കുന്നത്. മാണി സി കാപ്പന്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ കോടിയേരിക്കെതെ മാണി സി. കാപ്പന്‍ മൊഴി നല്‍കിയെന്നാണ് ഷിബു ബേബി ജോണിന്‍റെ ആരോപണം. മൊഴിയുടെ പകര്‍പ്പ് ഉള്‍പ്പെടെ പുറത്തുവിട്ടാണ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്.

2013 ല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദിനേഷ് മേനോന്‍ എന്ന മുംബൈയിലെ മലയാളി വ്യവസായി മാണി സി. കാപ്പനുമായി ബന്ധപ്പെടുന്നത്. അന്ന് മാണി സി. കാപ്പന്‍, ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയേയും മകനേയും സമീപിക്കാനായി ദിനേഷ് മേനോനോട് പറയുന്നു. ഇതിന് ശേഷം ഇത്തരത്തില്‍ പണം കൈമാറുന്ന നടപടി ഉണ്ടായെന്നാണ് മൊഴിയില്‍ പറയുന്നത്. എന്നാല്‍ ആര്‍ക്ക് പണം കൈമാറിയെന്ന കാര്യം വ്യക്തമായി മൊഴിയില്‍ പറയുന്നില്ല.

കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള മൊഴിയില്‍ മാണി സി കാപ്പന്‍റെ പ്രതികരണം എന്താണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഷിബു ബേബി ജോണ്‍ ചോദിക്കുന്നത്. വിഷയത്തില്‍ കോടിയേരിയും പിണറായിയും നിലപാട് വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു.

‘മാധ്യമങ്ങള്‍ക്ക് രണ്ടാഴ്ച മുന്‍പ് ലഭിച്ച കോപ്പിയാണ് ഞാന്‍ പുറത്തുവിട്ടത്. ഇങ്ങനെയൊരു മൊഴി കൊടുത്തിട്ടുണ്ടോയെന്ന് മാണി സി. കാപ്പന്‍ വ്യക്തമാക്കണം. അദ്ദേഹം അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് അറിയണം. ആധികാരിമായി പുറത്തുവിട്ട രേഖ ഞാന്‍ പങ്കുവെച്ചു എന്നത് മാത്രമാണ്. ഇതില്‍ പിണറായിയും കോടിയേരിയും മറുപടി പറയണം.

രണ്ടാഴ്ച മുന്‍പ് മാധ്യമങ്ങള്‍ക്ക് ലഭിച്ച മൊഴി പകര്‍പ്പ് എന്‍റെ കൈയില്‍ യാദൃശ്ചികമായി ലഭിച്ചതാണ്. അത് ഞാന്‍ പുറത്തുവിട്ടതാണ്. മൊഴി പകര്‍പ്പ് കണ്ടാല്‍ ആധികാരികമാണെന്ന് തോന്നും. അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് അദ്ദേഹം പറയട്ടെ. -ഷിബു ബേബി പറഞ്ഞു.

അതേസമയം, സിബിഐക്ക് ഒരു മൊഴിയും നല്‍കിയിട്ടില്ല. വ്യാജരേഖയാണ് പ്രചരിപ്പിക്കുന്നത്. താനുമായി ബന്ധപ്പെട്ട് സി.ബി.ഐയില്‍ കേസില്ലെന്നും മാണി സി. കാപ്പന്‍ അറിയിച്ചു. ഷിബു ബേബി ജോണിന്‍റെ ആരോപണത്തെ തള്ളുംവിധമാണ് ദിനേശ് മേനോനും പ്രതികരിച്ചത്. കോടിയേരിയെയും മകനെയും കണ്ടിരുന്നു. പക്ഷേ, അവര്‍ പണം വാങ്ങിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0Shares