കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലന്ന വാദവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലന്ന വാദവുമായി കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ

ആലുവ: കോടതി വിധിക്കുംവരെ ദിലീപ് കുറ്റവാളിയല്ലന്നും സിനിമാ മേഖലയില്‍ ഉള്ളവര്‍ ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്നും കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ്. പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തിരുത്തണം. ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ ആപത്തില്‍പ്പെട്ടപ്പോള്‍ കയ്യൊഴിയുന്നത് ശരിയല്ല. എംഎല്‍എ ആയല്ല, സുഹൃത്തായാണ് ദിലീപിനെ കണ്ടതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ജയിലിലെത്തി താരത്തെ കണ്ടത്.താല്‍ക്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗണേഷ് കുമാറിന്റെ സന്ദര്‍ശനം.
നേരത്തെ ദിലീപിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു ഗണേഷ് കുമാര്‍ എം.എല്‍.എ. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്.കഴിഞ്ഞ ദിവസം മുതല്‍ ദിലീപിനെ കാണാന്‍ ചലച്ചിത്ര രംഗത്ത് നിന്ന് നിരവധിയാളുകളാണ് ജയിലിലെത്തിയത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ഉത്രാട ദിനത്തില്‍ ജയിലെത്തിയിരുന്നു.തിരവോണ ദിനമായ തിരുവോണ ദിവസം ജയറാമും താരത്തെ സന്ദര്‍ശിച്ചിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ദിലീപിന് അനുമതി നല്‍കിയയിരുന്നു. ഇതിനു പിന്നാലെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരുന്നു.ഇതിനു പിന്നാലെയാണ് ചലച്ചിത്ര രംഗത്തെ നിരവധിപേര്‍ താരത്തെ കാണാന്‍ ജയിലിലെത്തിയത്. ബുധനാഴ്ച രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുള്ളത്.

0Shares