
ന്യൂഡല്‍ഹി: ജനങ്ങളുടേയും പരിസ്ഥി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കേണ്ടിയിരുന്ന ഒരു ലക്ഷം കോടി രൂപ വകമാറ്റി ചെലവഴിച്ച കേന്ദ്രസര്‍ക്കാര്‍ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിനെ കോടതി വിശ്വസിച്ചു. എന്നാല്‍ സര്‍ക്കാര്‍ കോടതിയെ വിഡ്ഢികളാക്കിയെന്നും പരമോന്നത നീതിപീഠം തുറന്നടിച്ചു. കോടതി എന്തെങ്കിലും തരത്തിലുള്ള പരാമര്‍ശം നടത്തിയാല്‍ അത് ജുഡീഷ്യല്‍ ആക്ടിവിസം എന്ന പേരില്‍ വിമര്‍ശനത്തിന് കാരണമാകുമെന്നും കോടതി പറഞ്ഞു.

കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടി സ്വരൂപിച്ച് കോടിക്കണക്കിന് രൂപ അതാത് ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന് ജസ്റ്റിസ് മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത തുടങ്ങിയവര്‍ അദ്ധ്യക്ഷരായ ബെഞ്ച് വ്യക്തമാക്കി. കോടതി ഭരണകൂടത്തെ വിശ്വസിച്ചു. എന്നാല്‍ അവര്‍ തങ്ങള്‍ക്ക് തോന്നിയത് പോലെ തന്നെ പ്രവര്‍ത്തിക്കും എന്ന നിലപാടിലാണുള്ളതെന്നും ബെഞ്ച് ആരോപിച്ചു.
നിസ്സാരമായ തുകയല്ല സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതെന്നും കോടതി ഓര്‍മ്മപ്പെടുത്തി.നിര്‍ജ്ജീവമായ ഭരണകൂടമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. വനവത്കരണ പദ്ധതിക്ക് മാത്രമായി 11,700 കോടി രൂപയാണ് കോടതിയുടെ നിര്‍ദേശപ്രകാരം സ്വരൂപിച്ചത്. ഇത്തരത്തില്‍ എല്ലാ പദ്ധതികള്‍ക്കുമായി ഒരു ലക്ഷം കോടിയിലേറെ രൂപ സ്വരൂപിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്തമാക്കി.
