ജോധ്പൂര്‍: കോടതിയില്‍ പ്രോസിക്യൂട്ടരുടെ ചോദ്യത്തിന് ഉഗ്രന്‍ മറുപടി നല്‍കി ചലച്ചിത്ര താരം സല്‍മാന്‍ ഖാന്‍. മാന്‍വേട്ട കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോധ്പൂര്‍ കോടതിയില്‍ ഹാജരായപ്പോഴാണു പ്രോസിക്യൂട്ടര്‍ സല്‍മാനോടു മതം ഏതെന്ന് ചോദിച്ചത്. പക്ഷെ സിനിമയില്‍ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ ത്രസിപ്പിക്കുന്ന നടന്മാര്‍ക്ക് ഇത്തരം ചോദ്യമൊക്കെ നിസ്സാരം തന്നെ, പിന്നെ സല്‍മാന്‍ ഖാന്റെ കാര്യം പറയാനുണ്ടോ!..പ്രോസിക്യൂട്ടര്‍ക്ക് ‘താന്‍ ഇന്ത്യക്കാരനാണെന്ന’ ഒരു മാസ് ഉത്തരം സല്‍മാനും നല്‍കി. എന്നാല്‍ ഇതേ ചോദ്യത്തിന് കഴിഞ്ഞ വര്‍ഷവും കോടതിയില്‍ വെച്ച് മറുപടി നല്‍കിയിരുന്നു. സെയ്ഫ് അലി ഖാന്‍, തബു, സോനാലി ബെന്ദ്രേ, നീലം എന്നിവര്‍ക്കൊപ്പമാണ് സല്‍മാന്‍ കോടതിയില്‍ മൊഴി നല്‍കാനെത്തിയത്.

1998 ഒക്ടോബര്‍ ഒന്നിനു സല്‍മാനും സഹതാരങ്ങളുമടങ്ങുന്ന സംഘം ജോധ്പൂരിനു സമീപം കണ്‍കാനി ഗ്രാമത്തില്‍ മാനുകളെ വേട്ടയാടിയെന്നതിനാണ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതിനായി ഉപയോഗിച്ച തോക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ ഇവയുടെ ലൈസന്‍സ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസെടുത്തത്. മാന്‍വേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. അതില്‍ മറ്റൊരു കേസില്‍ വിചാരണ നടക്കുകയാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട് 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങള്‍ സല്‍മാന്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
