കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറണ്ട്.

  • Post category:news
  • Reading time:1 min read
You are currently viewing കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറണ്ട്.

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ അഴിമതി തുറന്നു കാട്ടിയ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ് കര്‍ണനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കര്‍ണനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനാലാണ് ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ ഇതാദ്യമാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കേസില്‍ കര്‍ണന്‍ നേരില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരാകില്ലെന്നായിരുന്നു കര്‍ണന്റെ നിലപാട്.

ജസ്റ്റിസ് കര്‍ണനെ എല്ലാ ഔദ്യോഗിക ജോലികളില്‍ നിന്ന് ഒഴിവാക്കുകയും കൈവശമുള്ള എല്ലാ ഫയലുകളും ഉടന്‍ കൈമാറാന്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിഷയം പാര്‍ലമെന്റിന് കൈമാറണമെന്നും കാണിച്ച് കര്‍ണന്‍ സുപ്രീംകോടതിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ദലിതനായതു കൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നാണ് ജസ്റ്റിസ് സി.എസ്.കര്‍ണന്റെ ആരോപണം. സുപ്രീം കോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ സുപ്രീം കോടതി സ്വമേധയാ തീരുമാനിച്ചത്.

0Shares