കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ രഥോത്സവത്തോടനുബന്ധിച്ചുള്ള രഥം എഴുന്നള്ളിപ്പ് ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് അഞ്ച് മണിയോടെ ക്ഷേത്ര മതിലിന് പുറത്ത് മഹാ രഥത്തില്‍ എഴുന്നള്ളിക്കുന്ന മൂകാംബികാ ദേവിയെ ദര്‍ശിക്കാന്‍ ഭക്ത ജനങ്ങള്‍ക്ക് അപൂര്‍വ്വാവസരം കൈവരും. ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ നിന്ന് സൗപര്‍ണ്ണികാ വീഥിയില്‍ ഓലക മണ്ഡപം വരെയും തിരിച്ചും ആയിരങ്ങള്‍ വലിക്കുന്ന രഥത്തിലിരുന്ന് ദേവി ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിയും.

മഹാ രഥോത്സവത്തിന്റെ ഭാഗമായി രാവിലെ മുതല്‍ പ്രത്യേക പൂജകളും ചടങ്ങുകളും നടന്നു വരികയാണ്. ഉത്സവാഘോഷം ബുധനാഴ്ച സമാപിക്കും. ഭക്തി നിര്‍ഭരമായ രഥം വലി ചടങ്ങില്‍ സംബന്ധിച്ച് ദര്‍ശന പുണ്യം നേടാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ഭക്തരാണ് കൊല്ലൂരില്‍ എത്തിയിട്ടുള്ളത്.