
കൊല്ലം: അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് വിദ്യാര്‍ഥിയുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് അക്രമത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. എസ്.എഫ്.ഐ, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയത്. ബാരിക്കേഡ് തകര്‍ന്ന് മുന്നേറിയ എസ്. എഫ്.ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു. പോലിസിന് നേരെയും തിരിച്ചും കല്ലേറുണ്ടായി. പോലിസ് ഗ്രനേഡ് പ്രയോഗിച്ചതോടെയാണ് പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്. സംഘര്‍ഷത്തില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പോലിസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്കേറ്റു. മനോരമാ ന്യൂസ് റിപോര്‍ട്ടര്‍ ദീപു രേവതി, ന്യൂസ് 18 റിപോര്‍ട്ടര്‍ ഉമേഷ്, എസിവി കാമറമാന്‍ സാബു എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി എല്‍പി ബ്ലോക്കിലെ മൂന്നാം നിലയില്‍ നിന്ന് താഴെ വീഴുന്നത് സ്‌കൂളിലെ മറ്റ് കുട്ടികളാണ് കണ്ടത്. അധ്യാപകരും സ്‌കൂള്‍ ജീവനക്കാരും ചേര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
അതേസമയം ഗൗരിയെ ആദ്യം എത്തിച്ച ട്രിനിറ്റി ലൈസിയം സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ബെന്‍സിഗര്‍ ആശുപത്രിയില്‍ കുട്ടിക്ക് ചികില്‍സ വൈകിപ്പിച്ചതായി ആരോപണമുണ്ട്. വൈകീട്ട് അഞ്ചുവരെ കുട്ടിക്ക് ചികില്‍സ ലഭിച്ചില്ലെന്നാണ് പരാതി. തുടര്‍ന്ന് മാതാപിതാക്കള്‍ ബഹളം വച്ചതോടെയാണ് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നും ആരോപണമുണ്ട്. അതിനിടേ ഗൗരി മരണപ്പെട്ട സംഭവത്തില്‍ ആത്മഹത്യയ്ക്ക് കാരണക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യുക, വിദ്യാര്‍ഥിനിയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക, ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ നിരന്തരമായി നടക്കുന്ന വിദ്യാര്‍ത്ഥിനി പീഢനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു.