സിഡ്‌നി: കൊലയാളി സ്രാവിന് മുകളില്‍ കയറി സര്‍ഫിംഗ് നടത്തി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സ്രാവിന് മുകളില്‍ കയറി സര്‍ഫിംഗ് ചെയ്ത ഈ പത്ത് വയസ്സുകാരന്‍ തന്നെ വിശ്വസിച്ചത് അച്ഛനെടുത്ത ഫോട്ടോ കണ്ടപ്പോള്‍ മാത്രമാണ്. സിഡ്‌നിയിലെ ന്യൂ കാസ്റ്റിലുള്ള സാമുറായ് ബീച്ചിലാണ് സംഭവം. പിതാവ് ക്രിസ് ഹാസനും സഹോദരങ്ങള്‍ക്കൊപ്പവും സര്‍ഫിംഗ് നടത്താനായി ബീച്ചിലെത്തിയതായിരുന്നു ഈഡന്‍ ഹാസന്‍. തിരമാലകള്‍ക്കൊപ്പം ഈഡന്‍ സര്‍ഫിംഗ് നടത്തുന്നത് ക്യാമറയില്‍ പകര്‍ത്തുന്ന ക്രിസ് എടുത്ത ചിത്രങ്ങളിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ ശരിക്കും ഞെട്ടുകയായിരുന്നു. മകന്റെ സമീപം കടലിനടിയില്‍ വാ പിളര്‍ന്ന് ഒരു സ്രാവ് നില്‍ക്കുന്നു.

എന്നാല്‍ ഇതൊന്നുമറിയാതെ സുഖമായി സര്‍ഫിംഗ് ചെയ്യുകയാണ് ഈഡന്‍. ഉടന്‍ തന്നെ ക്രിസ് മകനെ തിരിച്ചു വിളിച്ച് ഫോട്ടോകള്‍ കാണിച്ചു. തിരമാലകള്‍ക്കിടയില്‍ താന്‍ ഒരു രൂപം കണ്ടിരുന്നുവെന്നും അത് കടല്‍പായലാകാമെന്നാണ് കരുതിയതെന്നും ഈഡന്‍ പറഞ്ഞു. എന്തിന്റേയോ മുകളില്‍ കയറിയതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അത് സ്രാവ് ആണെന്ന് മനസ്സിലായത് ഫോട്ടോ കണ്ടപ്പോള്‍ മാത്രമാണെന്നും ഈഡന്‍ കൂട്ടിച്ചേര്‍ത്തു. അപകടകാരിയായ ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് ആയിരിക്കാം ഇതെന്ന് ജെയിംസ് കുക്ക് സര്‍വകലാശാലയിലെ സ്രാവ് ഗവേഷകനായ ആന്‍ഡ്രു ചിന്‍ പറയുന്നു.

എന്തായാലും സുരക്ഷിതമായി മകന് കരയിലെത്താന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു എന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും ക്രിസ് പ്രതികരിച്ചു. ഒരു പക്ഷേ ഈഡന്‍ സ്രാവിനെ കണ്ടിരുന്നെങ്കില്‍ പേടികൊണ്ട് കടലില്‍ വീണേനെ ഭാഗ്യം കൊണ്ടാണ് വീഴാതിരുന്നത് എന്നും ക്രിസ് കൂട്ടിച്ചേര്‍ത്തു. എന്തായാലും ക്രിസ് എടുത്ത ഈ അപൂര്‍വ്വ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
