
തിരുവനന്തപുരം:കൊലക്കേസുകളില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ സമ്മതം അറിയണമെന്ന ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നിലപാട് സര്‍ക്കാരിനെ കുരുക്കിലാക്കുന്നു.
കേരളപ്പിറവിയുടെ വജ്രജൂബിലിക്ക് ശിക്ഷ ഇളവിന് രണ്ട് വര്‍ഷം മുന്‍പ് തയ്യാറാക്കിയ കൊലക്കേസ് പ്രതികളടക്കമുള്ള 1850പേരുടെ ലിസ്റ്റ് ഗവര്‍ണര്‍ മടക്കിയിരുന്നു. ഓരോരുത്തരുടെയും കേസിന്‍റെ വിവരങ്ങള്‍, ഇളവ് നല്‍കാനുള്ള കാരണം എന്നിവ രേഖപ്പെടുത്തി പ്രത്യേകം അപേക്ഷകള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. ആ ലിസ്റ്റ് ചുരുക്കിയ സര്‍ക്കാര്‍ 739 പേരുടെ അപേക്ഷ ഒറ്റഫയലിലാണ് ഇപ്പോള്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്.

ജീവപര്യന്തം എന്നാല്‍ ആജീവനാന്ത തടവാണെന്നും 14 വര്‍ഷത്തിനു ശേഷം മോചനം അവകാശമല്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കെ താന്‍ നല്‍കിയ ഉത്തരവ് സര്‍ക്കാര്‍ പാലിച്ചോ എന്ന് പരിശോധിക്കാന്‍ ഗവര്‍ണര്‍ നിയമോപദേശകനെ ഇന്ന് രാജ്ഭവനിലേക്ക് വിളിച്ചിട്ടുണ്ട്. ശിക്ഷ ഇളവ് നല്‍കാനുള്ള 739 തടവുകാരുടെ ലിസ്റ്റ് ഈ മാസം 8ന് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെ ടി.പി വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന പി.കെ.കുഞ്ഞനന്തന്‍ അടക്കം കൊലക്കേസുകളില്‍ പ്രതികളായ ചിലരുടെ അപേക്ഷ പ്രത്യേകമായും നല്‍കിയപ്പോഴാണ് ബന്ധുക്കളുടെ സമ്മതം അറിയണമെന്ന് ഗവര്‍ണര്‍ നിലപാടെടുത്തത്. എന്നാല്‍,14വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇളവ് നല്‍കാമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ഉള്‍പ്പെട്ട ഏഴംഗ ഭരണഘടനാബഞ്ചിന്റെ ഉത്തരവുണ്ടെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
