
ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ് കൊറോണ വൈറസ് ബാധയെത്തുടർന്നു റദ്ദാക്കി. ഫെബ്രുവരി 12, 13 തീയതികളിൽ ചൈനയിലെ ഹാങ്ചൗവിലാണ് ചാംപ്യൻഷിപ് നടത്താൻ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസിന്‍റെ പ്രഭവകേന്ദ്രമായ വുഹാറിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഹാങ്ചൗവ്. ഏഷ്യൻ അത്‌ലറ്റിക്സ് അസോസിയേഷനാണ് ചാംപ്യൻഷിപ് റദ്ദാക്കുന്ന കാര്യം അറിയിച്ചത്.

എന്നാൽ മാർച്ച് 13 മുതൽ 15 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്ന ലോക ഇൻഡോർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിന്‍റെ കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നു ലോക അത്‌ലറ്റിക്സ് അസോസിയേഷൻ മാധ്യമങ്ങളോടു പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായും മറ്റു ഫെഡറേഷനുകളുമായും ചർച്ചയിലാണെന്നും സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയാണെന്നും അവർ പറഞ്ഞു.
ചാംപ്യൻഷിപ്പ് നടക്കുന്നതിന് ഏഴ് ആഴ്ചകൾ ബാക്കി നിൽക്കെ ചൈനയിലെ സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇനിയും സമയമുണ്ടെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്നു ചൈനയിൽ ഇതുവരെ 56 ആളുകളാണ് മരിച്ചത്. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്.
