കണ്ണൂര്‍: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് പ്രതികള്‍ കൂടി പേരാവൂര്‍ സിഐ ഓഫീസിലെത്തി കീഴടങ്ങി. മൂന്ന് മുതല്‍ അഞ്ചു വരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. ടെസി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണു പേരാവൂര്‍ സി.ഐ.എന്‍.സുനില്‍കുമാര്‍ മുന്‍പാകെ ഇന്നു രാവിലെ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മൊഴിയെടുത്തു തുടങ്ങി.അല്‍പസമയത്തിനകം വൈദ്യപരിശോധന നടത്താന്‍ കൊണ്ടുപോകും. തുടര്‍ന്നു തലശേരി പോക്‌സോ കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കു ജാമ്യം നല്‍കാന്‍ നിര്‍ദേശം ഉള്ളതുകൊണ്ടുതന്നെ ഇന്നുതന്നെ ജാമ്യം ലഭിച്ചേക്കും.

കഴിഞ്ഞദിവസം ഇവരുടെ മൂന്നുപേരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പോക്‌സോ കോടതി പരിഗണിച്ചിരുന്നു. മറ്റു മൂന്നുപേര്‍ക്കു നല്‍കിയ അതേ ഇളവുകളും നിര്‍ദേശങ്ങളും ഇവര്‍ക്കും അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങാന്‍ പോക്‌സോ കോടതി നിര്‍ദേശിച്ചിരുന്നു. കേസില്‍ 10 പ്രതികളാണ് ആകെയുള്ളത്. ഇന്നു മൂന്നുപേര്‍ കൂടി കീഴടങ്ങിയതോടെ കേസിലെ എട്ടു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലാകാനുള്ള രണ്ടുപേരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആറും ഏഴും പ്രതികളാണ് ഇനിയുള്ളത്. സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ളത്. എട്ടാം പ്രതി ഒഫീലിയ, ഒമ്പതാം പ്രതി ഫാദര്‍ തോമസ് ജോസഫ് തേരകം, പത്താം പ്രതി ഡോ. ബെറ്റി ജോസ് എന്നിവര്‍ കഴിഞ്ഞ ദിവസം കീഴടങ്ങി ജാമ്യം നേടിയിരുന്നു. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയും കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.