കൊട്ടിയൂര്‍ പീഡനകേസ് തകിടം മറിയുമോ..?

  • Post category:news
  • Reading time:2 mins read
You are currently viewing കൊട്ടിയൂര്‍ പീഡനകേസ് തകിടം മറിയുമോ..?

കണ്ണൂര്‍: കുപ്രസിദ്ധമായ കൊട്ടിയൂര്‍ പീഡനകേസിലെ പ്രതി ഫാ.റോബിന്‍ വടക്കുംചേരി കനത്ത ശിക്ഷ ഏറ്റുവാങ്ങി ജയിലറയിലേക്ക് നീങ്ങുന്ന ദിവസത്തിനായി കേരളീയ സമൂഹം കാത്തിരിക്കുകയാണ്. സമൂഹത്തിലെ സമസ്തമേഖലയിലെയും ആളുകളും പ്രസ്ഥാനങ്ങളും ആട്ടിന്‍ തോലിട്ട ചെന്നായയുടെ പ്രതിരൂപമായ ഈ വൈദികനെതിരെ അതിശക്തമായ ഭാഷയില്‍ ഇതിനകം പ്രതികരിച്ചിട്ടുണ്ട്. ക്രൈസ്തവ പുരോഹിതന്മാരും ഉത്തരവാദപ്പെട്ട ഉന്നത വ്യക്തികളും വൈദികനെ കടുത്ത ഭാഷയില്‍ അപലപിക്കാന്‍ മുന്നോട്ടുവന്നത് അങ്ങേയറ്റം അഭിനന്ദനീയമായ കാര്യമാണ്. മുന്‍കാലങ്ങളില്‍ സമാന സംഭവങ്ങള്‍ നടന്നപ്പോള്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ ഇത്തരം അധര്‍മ്മികളായ ചെകുത്താന്മാരെ ശിക്ഷിക്കാന്‍ ശബ്ദിക്കുന്നതിന് പകരം അവരെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ച് ഏത് വിധേനയും രക്ഷപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. പരമ പവിത്രമെന്ന് വിശ്വസിക്കപ്പെടുന്ന ക്രൈസ്തവ ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി പലകാലങ്ങളില്‍ അനേകം ചീഞ്ഞു നാറിയ കഥകളും സംഭവ വികാസങ്ങളുമാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ഇതില്‍ പുറംലോകം അറിഞ്ഞതിനേക്കാള്‍ ഏറെ അറിയാത്ത എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെറ്റ് ചെയ്തവരെ സമൂഹ മധ്യത്തില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷാ വിധേയരാക്കുന്നതിന് പകരം അവരെ വെള്ളപൂശാനാണ് പള്ളിമേടകളുടെയും അരമനകളുടെയും അധിപന്മാര്‍ പോയകാലത്ത് ശ്രമിച്ചിട്ടുള്ളത്. ഇതിന്റെ ഉത്തമോദാഹരമാണ് കേരളത്തിന്റെ ചരിത്രത്താളില്‍ എക്കാലത്തെയും കറുത്ത അധ്യായമായ അഭയാകേസ്.
പള്ളിയും പട്ടക്കാരും വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റ് തെറ്റ് ചെയ്ത ആളെ മഹാനായി ചിത്രീകരിച്ച് വെള്ള പൂശി സംരക്ഷിക്കാന്‍ മുന്നോട്ട് വന്നാല്‍ കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാ.റോബിന്‍ വടക്കുംചേരി കേസില്‍ നിന്ന് പുഷ്പം പോലെ രക്ഷപ്പെടും എന്ന കാര്യം ഉറപ്പ്. ഒടുവില്‍ കിട്ടിയ വിവരങ്ങള്‍ അനുസരിച്ച് കാര്യങ്ങളുടെ പോക്ക് അത്തരത്തിലാണെന്ന് മനസ്സിലാവുന്നു. പീഡന വിധേയയായ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം എത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരേസമയം ഞെട്ടിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത അനുഭവം അതാണ് സാക്ഷ്യപ്പെടുത്തുന്നത്. സമൂഹം മുഴുവനും ക്രിമിനലും ക്രൂരനും മഹാപാപിയും എന്നുവിളിച്ച് അധിക്ഷേപിക്കുന്ന ഈ വൈദികനെതിരെ കടുപ്പിച്ച് ഒരക്ഷരം പോലും പറയാന്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും വീട്ടുകാരും തയ്യാറായില്ല. കുറ്റവാളിയെ നോവിക്കാതെയും കുറ്റപ്പെടുത്താതെയുമായിരുന്നു അവളുടെ മാതാപിതാക്കളുടെ സംസാരം! പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എന്തൊക്കെയോ ഒളിച്ചുവെക്കുന്നുണ്ടെന്നകാര്യം അവരുടെ പെരുമാറ്റത്തില്‍ നിന്ന് വ്യക്തമായി. വൈദികന്‍ പീഡിപ്പിച്ച കാര്യങ്ങള്‍ സമ്മതിക്കുന്നതോടൊപ്പം അതുമായി ബന്ധപ്പെട്ട മറ്റു ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ വീട്ടുകാര്‍ ആരെയോ ഭയക്കുന്ന പോലെ തോന്നിപ്പിച്ചു. വീട്ടുകാരെ ആരോ സ്വാധീനിക്കുന്നുണ്ടെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്. ചുരുക്കി പറഞ്ഞാല്‍ വൈദികനെ രക്ഷിക്കാന്‍ ഉന്നത ഇടപെടല്‍ നടക്കാന്‍ സാധ്യത ഉണ്ടെന്നതരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വരും ദിനങ്ങളില്‍ ‘കറുത്ത കൈകളുടെ’ പ്രലോഭനത്തിനും സ്വാധീനത്തിനും പെണ്‍കുട്ടിയും വീട്ടുകാരും വഴങ്ങുകയാണെങ്കില്‍ ഈ കേസ് തകിടം മറിയുമെന്ന കാര്യം തീര്‍ച്ചയാണ്.
0Shares