കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ശ്രീധരനെ ഒഴിവാക്കിയതിന് പിന്നില്‍ കേന്ദ്രമോ അതോ കേരളമോ? എന്നാല്‍ വിവാദമുണ്ടാക്കരുത് പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്ന് ഇ.ശ്രീധരന്‍.

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ശ്രീധരനെ ഒഴിവാക്കിയതിന് പിന്നില്‍ കേന്ദ്രമോ അതോ കേരളമോ? എന്നാല്‍ വിവാദമുണ്ടാക്കരുത് പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്ന് ഇ.ശ്രീധരന്‍.

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്നു തന്നെ ഒഴിവാക്കിയത് വലിയ വിമര്‍ശനവും വിവാദവുമായതിനു മറുപടിയുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍. ‘പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിയന്ത്രണങ്ങള്‍ പതിവാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയിലേക്കു ക്ഷണിക്കാത്തതു വിവാദമാക്കേണ്ടതില്ല. പ്രധാനമന്ത്രിയുടെ സുരക്ഷയാണു പ്രധാനം. തന്നെ ഒഴിവാക്കിയതില്‍ പരാതിയോ പരിഭവമോ ഇല്ല. ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും. എന്നെ എന്തിനാണു ക്ഷണിക്കേണ്ട ആവശ്യം. ക്ഷണിക്കേണ്ട ആവശ്യമില്ലല്ലോ. ഞാന്‍ ഇവിടെത്തന്നെയല്ലേ. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ ഡിഎംആര്‍സിയുടെ ആവശ്യമില്ല- ശ്രീധരന്‍ പറഞ്ഞു. മെട്രോ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ, സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും ഉദ്ഘാടനവേദിയുടെയും മറ്റും അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. വിവാദങ്ങളില്‍ നിന്നു പരമാവധി ഒഴിഞ്ഞുനില്‍ക്കാനാണ് പ്രതികരണത്തിലൂടെ ഇ.ശ്രീധരന്‍ ശ്രമിച്ചത്.

പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുന്ന പാലാരിവട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണു ശ്രീധരന്‍ പരിശോധന നടത്തിയത്. കെഎംആര്‍എല്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അതേസമയം,സംഭവം വിവാദമായതോടെ ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഇ.ശ്രീധരനെ വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സ്ഥലം എം.എല്‍.എ പി.ടി. തോമസ് എന്നിവരെയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്നു കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണു പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.

കൊച്ചി മെട്രോയുടെ ശില്‍പിയായ മെട്രോമാന്‍ ഇ. ശ്രീധരന്‍ വേദിയില്‍ ഇല്ലാതെ എന്ത് മെട്രോ ഉദ്ഘാടനം. ആരാണ് ഇ. ശ്രീധരനെ ഒഴിവാക്കിയത് എന്ന ചോദ്യം ഉയരുമ്പോള്‍, തന്നെ ചൊല്ലി ഒരുവലിയ വിവാദത്തിന് വഴിതെളിയിക്കേണ്ടന്ന് കരുതി ഒഴിഞ്ഞുമാറുന്ന പ്രതികരണമാണ് ഇ.ശ്രീധരന്‍ നല്‍കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരാണോ. അതോ സംസ്ഥാന സര്‍ക്കാരാണോ. ഒഴിവാക്കിയതിന് പിന്നില്‍..? പ്രധാനമന്ത്രിയില്ലെങ്കിലും ശ്രീധരന്‍ വേണം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്താണ് സത്യത്തില്‍ സംഭവിച്ചത്?

0Shares