കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന എണ്ണപരിവേഷണത്തിനുപയോഗിക്കുന്ന സാഗര്‍ ഭൂഷണ്‍ ഒ.എന്‍.ജി.സി കപ്പലില്‍ പൊട്ടിത്തെറി. കപ്പലിനുള്ളില്‍ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചതില്‍5 പേര്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കപ്പലിനകത്തുള്ള വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് വിവരം. അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിശമനസേന വാഹനങ്ങളും സ്ഥലത്തേക്കെത്തുന്നുണ്ട്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സിറ്റി പോലീസ് കമ്മിഷണര്‍ ഉള്‍പ്പെടെ കപ്പല്‍ശാലയില്‍ എത്തിയിട്ടുണ്ട്.
പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് നാലു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണു മൃതദേഹങ്ങള്‍. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. രക്ഷാപ്രവര്‍ത്തനവും അടിയന്തര വൈദ്യസഹായവും എത്തിക്കാനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് അധികൃതരും രംഗത്തുണ്ട്.