കൊച്ചിയില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സമനിലപ്പൂട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കൊച്ചിയില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിന് സമനിലപ്പൂട്ട്

കൊച്ചി: ആര്‍ത്തിരമ്പിയെത്തിയ പതിനായിരങ്ങളെ നിരാശരാക്കി ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ സമനിലപ്പൂട്ട്. ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ ഇഞ്ച്വറി ടൈമില്‍ പ്രഞ്ചല്‍ ഭുമിച്ച് നേടിയ ഗോളിലാണ് മുംബൈ സിറ്റി എഫ്സി സമനിലയില്‍ തളച്ചത്. 23ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സറി നേടിയ ഏക ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് ജയം ഉറപ്പിച്ച നിമഷത്തിലാണ് ഭുമിച്ച് ലോങ് റേഞ്ച് ഷോട്ടിലൂടെ ബ്ലാസ്റ്റേഴ്സിന്റെ വിജയമോഹങ്ങളെ തല്ലി ക്കെടുത്തിയത്.
90 മിനിറ്റുവരെ ലീഡ് നേടിയ കളി കൈവിട്ടതിന്റെ നിരാശയിലാണ് ആരാധകര്‍ മടങ്ങിയത്. ഇനി 20ന് ഡല്‍ഹിക്കെതിരെ കൊച്ചിയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി. കഴിഞ്ഞ കളിയില്‍ ഇറക്കിയ ടീമിനെ ഒരുമാറ്റവും കൂടാതെ ഡേവിഡ് ജെയിംസ് കൊച്ചിയിലും അവതരിപ്പിച്ചു. ഗോള്‍ കീപ്പറുടെ റോളില്‍ യുവതാരം ധീരജ് സിങ് ഇക്കുറിയും ടീമിലിടം പിടിച്ചു. ആക്രമണത്തിന്റെ ചുമതല മതേജ് പൊപ്ലാറ്റ്നികിനും സ്ലെവിസ സ്റ്റോജനോവിക്കിനും നല്‍കിയപ്പോള്‍ മധ്യനിരയില്‍ മലയാളിതാരം അബ്ദുള്‍ സമദും ഹോളിചരണ്‍ നര്‍സറിയും മഞ്ഞക്കുപ്പായത്തിലിറങ്ങി. പ്രതിരോധനിരയിലെ കരുത്തരായ ലാല്‍റുവത്താരയും മുഹമ്മദ്ദ് റാക്കിപും ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനും വിദേശതാരം ലെകിക് പെസിച്ചും കളിച്ചു. മറുവശത്ത് കഴിഞ്ഞ കളിയില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങിയത്. റെയ്നര്‍ ഫെര്‍ണാണ്ടസും സെഹ്നാജ് സിങും അര്‍ണോള്‍ഡ് ഇസോക്കോയും ഷൗവിക്ക് ഘോഷും ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ബ്രസീലിയന്‍ സ്ട്രൈക്കര്‍ റാഫേല്‍ ബസ്റ്റോസിന് ഏക സ്ട്രൈക്കറുടെ ചുമതല നല്‍കി.

0Shares