
സ്വയം അപ്രത്യക്ഷനാകുന്ന മാജിക്കായ ഹൗഡിനി ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ ജാലവിദ്യക്കാരനെ കാണാതായി. പശ്ചിമബംഗാളിലാണ് സംഭവം. സ്വയം കൈകാലുകള്‍ ശക്തമായി വരിഞ്ഞു മുറുക്കി ബന്ധനസ്ഥനായ അവസ്ഥയിൽ വെള്ളത്തില്‍ ചാടിയ അപ്രത്യക്ഷനായ ശേഷം രക്ഷപ്പെടുന്ന ജാലവിദ്യ പരീക്ഷിക്കുന്നതിനിടെയാണ് ചഞ്ചല്‍ സര്‍ക്കാര്‍ (42) എന്ന മജീഷ്യനെ കാണാതായിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
പല തവണ പരീക്ഷിച്ച് വിജയിച്ച ഹൗഡിനി വിദ്യയാണ് ഇത്തവണയും ചഞ്ചൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ബംഗാളിലും അന്യസംസ്ഥാനങ്ങളിലും മാജിക് അവതരിപ്പിച്ചുവന്ന സോനാര്‍പുര്‍ സ്വദേശിയായ ചഞ്ചല്‍, മാന്‍ഡ്രേക്ക് എന്ന പേരിലാണ് മാജിക് അവതരിപ്പിച്ചിരുന്നത്. അടുത്തിടെ ശ്രദ്ധേയനായ മജീഷ്യനായ ചഞ്ചലിനു ആരാധകർ വ്യാപകമായ ഘട്ടത്തിലാണു ദുരന്തം നടന്നത്. ഇയാളുടെ മിക്ക ജാലവിദ്യാ പരീക്ഷണങ്ങളും ജനകീയമായി മാറുകയായിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെയാണ് ചഞ്ചല്‍ ഹൗറ പാലത്തിന് താഴെ നിര്‍ത്തിയിരുന്ന ബോട്ടില്‍ നിന്ന് വലിയ ആഴമുള്ള നദിയായ ഹൂഗ്ലിയിലേക്ക് എടുത്തുചാടിയത്. മജീഷ്യനെ ഏറെ നേരത്തിന് ശേഷവും കാണാത്തതിനെ തുടര്‍ന്ന് ഹൗറ പാലത്തില്‍ മജിഷ്യന്‍റെ മടങ്ങിവരവ് കാണാന്‍ കാത്തുനിന്നവര്‍ അപകടം സംഭവിച്ചെന്ന് ബോധ്യമായതിനെത്തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരുമെത്തുകയും ഏറെ നേരം നദിയില്‍ തിരച്ചില്‍ നടത്തുകയും ചെയ്തെങ്കിലും മജീഷ്യനെ കണ്ടെത്തുന്നതിൽ പരാജയപ്പെടുകയിരുന്നു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തുടനീളം മാജിക് അവതരിപ്പിച്ച് ജനശ്രദ്ധയാകർഷിച്ചതിനെത്തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നും ക്ഷണങ്ങളുണ്ടായിരുന്നു. അഞ്ചു വർഷം മുമ്പാണു ചഞ്ചൽ ഹൗഡിനി ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്. ലോകപ്രശസ്ത ജാലവിദ്യക്കാരനായ ഹാരി ഹൗഡിനിയുടെ വലിയ ആരാധകനായിരുന്നു ചഞ്ചല്‍.
19 ആം നൂറ്റാണ്ടിൻ്റെ ഒടുവിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ഹൗഡിനി സ്വയം ബന്ധിതനായി തീയിലും പുഴയിലും എടുത്തുചാടി അപ്രത്യക്ഷനാകുന്ന അപകടകരമായ വിദ്യ അവതരിപ്പിച്ചതോടെയാണു ഈ ഇനം മാജിക്കിന് ലോകശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞത്.
