
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫ് കഴിക്കരുതെന്ന് ബി. ജെ. പി ആരോടും പറഞ്ഞിട്ടില്ലെന്നും കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബി. ജെ. പിക്ക് യാതൊരു പ്രശ്‌നവുമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിന് പിന്നാലെ തന്നെയാണ് ഇതേ വിഷയത്തില്‍ പുതിയ പ്രസ്താവനയുമായി മന്ത്രി എത്തിയിരിക്കുന്നത്. ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ടെന്നും സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിച്ച ശേഷം ഇവിടേക്ക് വന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബുലന്ദ്ശ്വറില്‍ നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേഴ്‌സിന്റെ 33 ാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കവേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധനിരോധനവും ബീഫ് നിരോധനവും ഇന്ത്യയുടെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീഫ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും ഗോവക്കാര്‍ ബീഫ് കഴിക്കുമെന്ന് ബി. ജെ. പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ നിലപാടെടുത്ത കാര്യം കേരളത്തെ ഉദ്ദേശിച്ച് കണ്ണന്താനം ചൂണ്ടിക്കാട്ടി.
