
തിരുവനന്തപുരം: കേരളാ പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ കഴിഞ്ഞ ദിവസം സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ ക്യാമറ പറന്നു. തലസ്ഥാനത്തു പോലീസ് ആസ്ഥാനത്തിന്‍റെ അഞ്ചാം നിലയ്ക്ക് സമീപത്തിലൂടെ ഡ്രോണ്‍ പറക്കുന്നതായി പോലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള കല്യാണ ഓഡിറ്റോറിയത്തില്‍ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ ക്യാമറ നിയന്ത്രണം വിട്ട് പോലീസ് ആസ്ഥാനത്തിന് മുകളിലൂടെ പറന്നിരുന്നു. അപ്പോള്‍ ക്യാമറ കസ്റ്റഡിയിലെടുത്ത പോലീസ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ക്യാമറ വിട്ടുകൊടുത്തിരുന്നു.
അതേപോലെ കഴിഞ്ഞ ആഴ്ച കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലെ അതിസുരക്ഷാ മേഖലകളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. ആ സംഭവത്തില്‍ പോലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം നടത്തി വരുന്നതിനിടയിലാണ് വിണ്ടും സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ കണ്ടെത്തിയത്.
