കേരളാ പോലീസിന് ഇതെന്താണ് സംഭവിക്കുന്നത്; മദ്യപിച്ച് വണ്ടിയോടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത് എ.സി.പി, പരാതിപ്പെടാത്തത് പേടിച്ചിട്ടെന്ന് തുറന്ന്‍പറഞ്ഞ് പോലീസുകാരന്‍

  • Post category:news
  • Reading time:2 mins read
You are currently viewing കേരളാ പോലീസിന് ഇതെന്താണ് സംഭവിക്കുന്നത്; മദ്യപിച്ച് വണ്ടിയോടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത് എ.സി.പി, പരാതിപ്പെടാത്തത് പേടിച്ചിട്ടെന്ന് തുറന്ന്‍പറഞ്ഞ് പോലീസുകാരന്‍

കഴിഞ്ഞ ദിവസം മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നത് പോലീസുകാരന്‍. മേല്‍ ഉദ്യോഗസ്ഥര്‍ ശാസിച്ചതിന് കുടുംബം വരെ ഉപേക്ഷിച്ച് യാത്രപോയത് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. ഇന്നിതാ മറ്റൊരു വാര്‍ത്തയും കൂടി, നമ്മുടെ പോലീസില്‍ എന്താണ് സംഭവിക്കുന്നത്? എ.സി.പി വണ്ടിയില്‍ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരം പട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. ചെവിക്ക് പരിക്കേറ്റ താനിപ്പോഴും മെഡിക്കല്‍ ലീവിലാണെന്നും പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

എ.സി.പിയുടെ വണ്ടിയിലിടിച്ചു എന്ന് പറഞ്ഞാണ് നടുറോഡിലിട്ട് തല്ലിയതെന്നും പരാതി പറയാന്‍ പേടിയാണെന്നും മദ്യപിച്ച് വാഹനമോടിച്ചെന്ന കള്ളക്കേസ് ഇപ്പോഴും നിലനില്‍ക്കുകയാണെന്നും പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ ‘ന്യൂസ് അവര്‍’ ചര്‍ച്ചയിലായിരുന്നു പോലീസുദ്യോഗസ്ഥന്‍റെ തുറന്നുപറച്ചില്‍.

”ഒരു എ.സി.പി, അദ്ദേഹത്തിന്‍റെ വണ്ടിയില്‍ ആരോ ഇടിച്ചിട്ട് പോയി എന്നു പറഞ്ഞ് എന്നെ പിടിച്ചു. അദ്ദേഹത്തോട് ഞാന്‍ പോലീസുകാരനാണെന്നു പറഞ്ഞു. അപ്പോള്‍ എന്നെ പിടിച്ചിറക്കി അടിച്ചു. എന്നോട് എന്ത് വൈരാഗ്യമാണെന്ന് അറിയില്ല. മൂന്ന് നാല് തവണ അടിച്ചു. എനിക്ക് തീരെ വയ്യാതായി. പിറ്റേന്ന് അണ്ടൂര്‍ക്കോണം ആശുപത്രിയില്‍ പോയി. ചെവിക്ക് വേദന കൂടിയപ്പോള്‍ അവര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ഞാന്‍ ഇപ്പോഴും ചികിത്സയിലാണ്. മെഡിക്കല്‍ ലീവിലാണ്. പക്ഷേ ഞാന്‍ പരാതി പറയില്ല.

നമ്മള് പരാതി പറയാന്‍ പോയാല്‍ ഇതിനേക്കാള്‍ ദുരനുഭവം ഉണ്ടാകും. പേടിച്ചിട്ടാണ് പരാതി പറയാതിരുന്നത്. ഇപ്പോള്‍ ഇത്രയല്ലേയുള്ളൂ. പരാതി പറഞ്ഞാല്‍ ഇതിനേക്കാള്‍ വലിയ ദുരനുഭവമായിരിക്കും”- പോലീസുദ്യോഗസ്ഥന്‍ പറയുന്നു.

ഇതിന് മുന്‍പ് കണ്ണൂരില്‍ എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ജാതീയമായി പീഡിപ്പിക്കുന്നു എന്ന് പരാതിപ്പെട്ട് സിവില്‍ പോലീസ് ഓഫീസര്‍ രാജി വെച്ചിരുന്നു. ആദിവാസി കുറിച്യ വിഭാഗത്തില്‍പ്പെട്ട കെ. രതീഷാണ് രാജിവെച്ചത്. എസ്.ഐ. പുരുഷോത്തമന്‍, സി.പി.ഒമാരായ മുകേഷ്, പ്രജിത്ത്, രജീഷ് എന്നിവര്‍ക്കെതിരെയാണ് രതീഷ് പരാതി നല്‍കിയിരിക്കുന്നത്. മാനസിക പീഡനവും ഭീഷണിയും സഹിച്ച് ഇനി ജോലിയില്‍ തുടരാനാകില്ലെന്ന് രതീഷ് പറഞ്ഞിരുന്നു. തനിക്ക് ജോലി ചെയ്യുന്നതില്‍ യാതൊരു മടിയുമില്ല. എന്നാല്‍ തന്നെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചെന്നും അവധി ചോദിച്ചാല്‍ തരാത്ത സ്ഥിതിയായിരുന്നുവെന്നും രതീഷ് പറഞ്ഞിരുന്നു. എന്തായാലും അടിയന്തിര ചികിത്സ ആവശ്യമാണ്‌ നമ്മുടെ പോലീസിന്.

0Shares