കേരളാ പോലീസിനെ നന്നാക്കാൻ ഒരുങ്ങി ബെഹ്‌റ; പരാതികളിൽ നടപടി തുടങ്ങാൻ ഉന്നത ഉദ്യോഗസ്ഥന്‍റെ അനുമതി വാങ്ങണം; പരാതിക്കാരന്‍റെയും ആരോപണ വിധേയന്‍റെയും അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കണം; ഡി.ജി.പിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

  • Post category:news
  • Reading time:2 mins read
You are currently viewing കേരളാ പോലീസിനെ നന്നാക്കാൻ ഒരുങ്ങി ബെഹ്‌റ; പരാതികളിൽ നടപടി തുടങ്ങാൻ ഉന്നത ഉദ്യോഗസ്ഥന്‍റെ അനുമതി വാങ്ങണം; പരാതിക്കാരന്‍റെയും ആരോപണ വിധേയന്‍റെയും അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കണം; ഡി.ജി.പിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: കേരളാ പോലീസിന്‍റെ നടപടികളെ പറ്റി പൊതുസമൂഹത്തില്‍ നിന്നും നിരന്തരം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസിനെ നന്നാക്കാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ്‌ ബെഹ്റ. പരാതി ലഭിച്ചാല്‍ നടത്തേണ്ടുന്ന പ്രാഥമിക അന്വേഷണത്തില്‍ സുപ്രീം കോടതിയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണം എന്ന് അദ്ദേഹം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിക്കാരന്‍റെയും ആരോപണ വിധേയന്‍റെയും അവകാശങ്ങളെ ഒരേപോലെ സംരക്ഷിക്കുന്ന തരത്തില്‍ ആണ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഇതുവരെ പ്രാഥമിക അന്വേഷണത്തിന്‍റെ കാര്യത്തില്‍ കാര്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്താന്‍ ബെഹ്റയെ പ്രേരിപിച്ചത്‌ എന്ന് വ്യക്തമാണ്.

ഡി.ജി.പിയുടെ മാര്‍ഗനിര്‍ദേശങ്ങളിലെ പ്രധാന നിബന്ധനകള്‍

*പരാതി ലഭിച്ച് ഏഴുദിവസത്തിനകം പ്രാഥമികപരിശോധന പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ അതിനുള്ള കാരണം കേസ് ഡയറിയില്‍ രേഖപ്പെടുത്തണം.

*ക്രൈംബ്രാഞ്ചാണു കേസ് അന്വേഷിക്കുന്നതെങ്കില്‍, പ്രാഥമികാന്വേഷണം പൂര്‍ത്തിയായശേഷം എ.ഡി.ജി.പിയുടെ അനുമതിയോടെയേ കേസെടുക്കാവൂ.

*ലോക്കല്‍ പോലീസെങ്കില്‍ കേസെടുക്കാന്‍ റേഞ്ച് ഐ.ജി. അനുമതി നല്‍കണം. അന്വേഷണം അവസാനിപ്പിക്കാനും ഐ.ജിയുടെ അനുമതി വേണം.

*കുറ്റം ഗൗരവമേറിയതെന്നു ബോധ്യപ്പെട്ടാല്‍ പ്രാഥമികപരിശോധന ഒഴിവാക്കി പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്യണം.

*അഴിമതി, കുടുംബവഴക്കുകള്‍, വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍,വൈദ്യസഹായനിഷേധം തുടങ്ങിയ പരാതികളില്‍ സംശയങ്ങളുണ്ടെങ്കില്‍ പ്രാഥമികപരിശോധന ആവശ്യമാണ്.

*ഒരേ സംഭവത്തില്‍ ഒന്നിലധികം പരാതികളുണ്ടെങ്കില്‍ പ്രാഥമികാന്വേഷണവും ഒന്നിലധികമാവാം. റേഞ്ച് ഐ.ജിമാരും ക്രൈംബ്രാഞ്ച് ഡി.ഐ.ജിമാരും അതതു സന്ദര്‍ഭങ്ങളില്‍ ഇടപെടണം.

*പ്രാഥമികാന്വേഷണം ആവശ്യമുള്ള സംഭവങ്ങളില്‍ അതു നടത്തിയശേഷമേ കേസെടുക്കാവൂ. പ്രാഥമികാന്വേഷണമുണ്ടെന്നു കാണിച്ച് കേസെടുക്കാതിരിക്കരുത്.

*പ്രാഥമികാന്വേഷണത്തിന് അനുവാദം െവെകാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുഖേനയാകണം മേലുദ്യോഗസ്ഥരെ സമീപിക്കേണ്ടത്. പ്രാഥമികപരിശോധനയ്ക്കുള്ള ശിപാര്‍ശ ജില്ലാ പോലീസ് മേധാവിമാര്‍ ഒട്ടും വൈകാതെ മേലുദ്യോഗസ്ഥര്‍ക്കു കൈമാറണം.

*മേലുദ്യോഗസ്ഥരുടെ അനുമതി ലഭിച്ചാല്‍, പരാതിയില്‍ പറയുന്ന കുറ്റകൃത്യമോ സംഭവമോ ഹൗസ് ഓഫീസര്‍ പരിശോധിച്ച്, സ്‌റ്റേഷനിലെ ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തണം. പരാതികള്‍ കൂടുന്നതനുസരിച്ചും അവയുടെ സ്വഭാവമനുസരിച്ചും ഓരോന്നിലും പ്രാഥമികപരിശോധന വേണം.

*പ്രാഥമികപരിശോധന നടത്തേണ്ടത് ലോക്കല്‍ പോലീസില്‍ എസ്.എച്ച്.ഒമാരും ക്രൈംബ്രാഞ്ചില്‍ ഡി.വെ.എസ്.പിമാരുമായിരിക്കണം. പ്രാഥമികപരിശോധനാ രജിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. പ്രാഥമികപരിശോധന പ്രഹസനമാക്കരുത്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കണം.

*കുറ്റം കണ്ടെത്തിയാല്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം. അതിനു മടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ മേലുദ്യോഗസ്ഥര്‍ കര്‍ശനനടപടി സ്വീകരിക്കണം.

*പ്രാഥമികപരിശോധന കൊണ്ട് കേസ് അവസാനിപ്പിക്കാമെന്നു കണ്ടെത്തിയാല്‍ അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുളള റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പരാതിക്കാരന് ഒരാഴ്ചയ്ക്കകം നല്‍കണം.

0Shares