കേരളാ നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചു; പൗരത്വ ബില്ലെന്ന് കരുതി എസ്.സി എസ്. ടി സംവരണ ബില്ലിനെ എതിര്‍ത്ത് ഒ. രാജഗോപാല്‍

  • Post category:news
  • Reading time:2 mins read
You are currently viewing കേരളാ നിയമസഭ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിച്ചു; പൗരത്വ ബില്ലെന്ന് കരുതി എസ്.സി എസ്. ടി സംവരണ ബില്ലിനെ എതിര്‍ത്ത് ഒ. രാജഗോപാല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തഭാഗങ്ങള്‍:

‘മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍, മതരാഷ്ട്ര സമീപനമാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ഇതു ഭരണഘടന മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിനു കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ല.
ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ മതനിരപേക്ഷത സംരക്ഷിക്കപ്പെടുന്നതിനുള്ള കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളുടെയും മതനിരപേക്ഷ കാഴ്ചപ്പാടുള്ളവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ട സന്ദര്‍ഭമാണിത്.

നമ്മുടെ രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിനു വഴിവെയ്ക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ 2019-ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരളാ നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു.’

അതേസമയം വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാൻ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക ബി.ജെ.പി എം.എൽ.എ.യായ ഒ .രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളിൽ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ സഭാ നടപടികൾ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ സ്പീക്കര്‍ ക്ഷണിച്ചു. ഈ ഘട്ടത്തിൽ എതിര്‍പ്പുമായി രാജഗോപാൽ എഴുന്നേറ്റു.

“പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നതാണ് എന്‍റെ അഭിപ്രായം,” എന്ന് ഒ. രാജഗോപാൽ പറഞ്ഞു. എന്നാൽ സ്പീക്കര്‍ സ്റ്റാറ്റ്യൂട്ടറി പ്രമേയം അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇത് പട്ടികജാതി-പട്ടികവര്‍ഗ സമുദായംഗങ്ങൾക്ക് സംവരണം പത്ത് വര്‍ഷത്തേക്ക് നീട്ടിനൽകാനുള്ള പ്രമേയമായിരുന്നു. ഈ വിഷയത്തോട് ഒ. രാജഗോപാൽ എം.എൽ.എയ്ക്ക് എതിര്‍പ്പില്ലായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന ധാരണയാണ് ബി.ജെ.പി അംഗത്തിന് അബദ്ധം സംഭവിക്കാൻ കാരണം. പ്രമേയം അവതരിപ്പിച്ച ശേഷം ബി.ജെ.പി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

 

0Shares