തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വിമുക്തമാക്കാന്‍ ബോധവല്‍ക്കരണവുമായി ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമായ ‘വഴികാട്ടി’ ഒരുക്കിയത് സൂപ്പര്‍ താരം മമ്മൂട്ടിയുമായി സഹകരിച്ച്. ലഹരിക്ക് അടിമയാകുന്ന സമൂഹത്തെ, കുട്ടികളുടെ നേതൃത്വത്തില്‍ നേര്‍വഴിയിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് ഹ്രസ്വ ചിത്രമായി വഴികാട്ടി ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കിടയിലെ മൂന്ന് അനുഭവ കഥകളാണ് വഴികാട്ടിയില്‍ പറയുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ചിത്രം പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഭാവിയില്‍ വിദ്യാര്‍ത്ഥികളെ മുന്‍ നിര്‍ത്തി ലഹരി വിരുദ്ധ നിരീക്ഷണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ശക്തമാക്കാനായി വിദ്യാര്‍ത്ഥികളുടെ ലഹരി വിരുദ്ധ സേന രൂപീകരിക്കും. അതിനായി ഇവര്‍ക്ക് വിവിധ തലത്തില്‍ പരിശീലനം നടത്തും. മമ്മൂട്ടി ചെയര്‍മാനായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, ഡോ.വര്‍ഗീസ് മൂലന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് വഴികാട്ടിയുടെ നിര്‍മ്മാണം.