ഡൽഹി : കേരളത്തെ ‘ഇടിമുഴങ്ങുന്ന പാകിസ്താന്’ എന്ന് വിശേഷിപ്പിച്ച പ്രമുഖ ഇംഗ്ലീഷ് വാര്‍ത്തചാനലായ ‘ടൈംസ് നൗ’ വിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതും പിന്നീട ചാനൽ മാപ്പ് പറഞ്ഞതും നാം കണ്ടതാണ്. പറ്റിയ അബദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്ന ചാനൽ മലയാളി പൊങ്കാലയ്ക്ക് മുന്നിൽ തലകുനിക്കുകയായിരുന്നു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ കേരളത്തിലേക്ക് വരുന്നതിനെയാണ് ‘ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്ന തലക്കെട്ടോടെ ചാനലിൽ വാർത്ത വന്നത്.

കേന്ദ്രത്തിന്റെ കശാപ്പ് നിരോധന ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുന്ന പശ്ചാത്തലത്തിലായിരുന്നു കേരളത്തെ പാകിസ്താനോട് ഉപമിച്ചുകൊണ്ടുള്ള ചാനലിൽ വന്ന വാർത്തയും.’ബീഫ് നിരോധനപ്രശ്നം വീണ്ടും വലുതാകുന്നു’ എന്നും ചാനലില്‍ പറഞ്ഞിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ ചാനലിന്ന് എതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമുയര്‍ന്നു. #ApologiseTimesCow #ApologiseTimesNow തുടങ്ങിയ ഹാഷ് ടാഗുകളിലൂടെയായിരുന്നു പ്രതിഷേധം. ‘ടൈംസ് നൗ’ ചാനല്‍ മാപ്പപേക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ ശനിയാഴ്ച രാവിലെ ഔദ്യോഗിക മാപ്പ് അപേക്ഷയുമായി ചാനൽ രംഗത്ത് വരികയായിരുന്നു. കേരളത്തെ അപമാനിച്ചാൽ ഒരു കാരണവശാലും മാപ്പ് തരില്ലാ എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ സംഭവത്തോടെ സൈബർ ലോകം മുന്നോട്ട് വെക്കുന്ന മുന്നറിയിപ്പ്.