
ന്യൂഡൽഹി: ആം ആദ്മിയുടെ കേരളാ കണ്‍വീനർ സി.ആർ.നീലകണ്ഠനെ പാർട്ടി ദേശീയ നേതൃത്വം പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു. കേരളത്തിലെ 13 മണ്ഡലങ്ങളിൽ ആപ്പിന്‍റെ പിന്തുണ യു.ഡി.എഫിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. ആം ആദ്മിയുടെ നിരുപാധിക പിന്തുണ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കായിരിക്കും എന്നും ദേശീയ നേതൃത്വം പ്രഖ്യാപിച്ചു.

ദേശീയ നേതൃത്വവുമായി കൂടിയാലോചനകൾ നടത്താതെയാണ് നീലകണ്ഠൻ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിന് പ്രഖ്യാപിച്ചതെന്നും ഇതാണ് നടപടിക്ക് കാരണമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. അതേസമയം, ദേശീയ നേതൃത്വം നടപടിയെക്കുറിച്ച് ഒന്നുമറിയിച്ചിട്ടില്ലെന്ന് നീലകണ്ഠൻ പ്രതികരിച്ചു. എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികളെ തോൽപ്പിക്കുന്ന നിലപാട് സ്വീകരിക്കണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരുന്നത്.
എൽ.ഡി.എഫിനോ യു.ഡി.എഫിനോ പിന്തുണ നൽകണമെന്ന് വ്യക്തമാക്കിയിരുന്നില്ല. പാർട്ടി നേതൃത്വം അത്തരത്തിൽ വ്യക്തമായ നിർദ്ദേശം നൽകിയിരുന്നെങ്കില്‍ പിന്തുണ എൽ.ഡി.എഫിന് തന്നെ നൽകുമായിരുന്നുവെന്നും സി.ആർ.നീലകണ്ഠൻ പറഞ്ഞു.
