
തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയില്‍ സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്. പല മണ്ഡലങ്ങളിലും യു.ഡി.എഫ് ബി.ജെ.പിക്ക് വോട്ട് മറിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പിണറായി ആരോപിച്ചു.
വംശഹത്യയുടെ വക്താവായ അമിത് ഷായെയാണ് ബി.ജെ.പി പ്രചാരണത്തിനായി കേരളത്തില്‍ എത്തിച്ചത്. അമിത് ഷായുടെ പ്രചാരണത്തിൽ മതവിദ്വേഷവും വർഗീയതയുമാണ് ഉള്ളത്. കേരളത്തിൽ വർഗീയധ്രൂവീകരണത്തിന് ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ ചിലയിടങ്ങളിൽ ബിജെപിയും യുഡിഎഫും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ തന്നെ ഈ നീക്കം പുറത്തുപറയാൻ തയ്യാറായിട്ടുണ്ട്. സഹായം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളും അത് പരസ്യമായി പറഞ്ഞത് ഗൗരമായി കാണണം.
കോ-ലീ-ബീ സഖ്യം എന്നത് കേരളം നല്ലതുപോലെ ഓർക്കുന്ന കാര്യമാണ്.ലീഗ് അമിത് ഷായുടെ പച്ചക്കൊടി വിവാദം പറയുമ്പോഴും അവരുമായി കൂട്ട് കൂടിയത് യു.ഡി.എഫും ലീഗും തന്നെയാണ്. അങ്ങനെയാണ് കേരളത്തിൽ നിയമസഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുടങ്ങാനായത്. മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ആള് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് കോൺഗ്രസ് ബി.ജെ.പിക്ക് വോട്ട് ചെയ്ത കാര്യം.
പ്രളയ കെടുതിയിൽ നമ്മൾ കൊടുത്ത പാക്കേജ് കേന്ദ്രം തള്ളി. വായ്പ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതും നിരസിച്ചു. സഹായിക്കാൻ തയ്യാറായ മറ്റു രാജ്യങ്ങളെയും കേന്ദ്ര സർക്കാർ മുടക്കി. വിദേശ മലയാളികളെ കാണാൻ അനുമതി മുഖ്യമന്ത്രിക്കൊഴികെ മറ്റു മന്ത്രിമാർക്ക് കൊടുത്തില്ല. കേരളത്തെ തകർക്കാൻ ആയിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. മോഡി ഇവിടെ വന്ന നടത്തിയ പ്രസംഗത്തിലും അത് മനസിലാക്കാൻ കഴിയും.
ദൈവനാമം ഉച്ചരിച്ചാൽ അവരുടെ പേരിൽ കേരളത്തില്‍ കേസെടുക്കും എന്നത് മറ്റു രാജ്യങ്ങളുടെ മുൻപിൽ കേരളത്തെ അപകീർത്തിപെടുത്താൻ വേണ്ടിയാണ്. നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമാകും എന്ന രീതി തുടരുന്നവരാണ് ബി.ജെ.പി. ആളുകളെ അക്രമിച്ചതിനും ഭക്തരെ തടഞ്ഞതിനും ശബരിമലയിൽ അക്രമങ്ങൾ നടത്തിയതിനാണ് ആളുകളെ അറസ്റ്റ് ചെയ്തത്. അതിനു ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ട്. അതിനെ പ്രധാനമന്ത്രി വക്രീകരിയ്ക്കാൻ ശ്രമിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ്സും ബി.ജെ.പിയും അവകാശപത്രിക പ്രചരിപ്പിക്കുന്നതിനു പകരം സർക്കാരിനെ അവമതിപ്പുണ്ടാകുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പക്ഷെ അത് കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല. പ്രളയമായെല്ലാം ബന്ധപ്പെട്ട തെറ്റായ പ്രചാരണം കൊണ്ടുവന്നു. പ്രളയത്തിൽ കേന്ദ്രസർക്കാർ ഒരു സഹായവും ചെയ്തില്ല. കേന്ദ്ര സർക്കാർ നയത്തെ യു.ഡി.എഫ് കേന്ദ്ര നേതൃത്വും വിമർശിച്ചില്ല. കാരണം യു.പി.എ നടപ്പാക്കിയ അതെ സാമ്പത്തിക നയമാണ് ബി.ജെ.പിയും നടപ്പാക്കുന്നത്.
എൽ.ഡി.എഫ് വ്യക്തമാക്കിയതാണ് ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന്. അതിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉണ്ടാകണം. ബി.ജെ.പി പണത്തിന്റെ സ്വാധീനം ഉപയോഗിച്ച ആളുകളെ വശത്താക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിൽ വീണുപോകാത്ത ആളുകളെ വേണം പാര്‍ലമെന്റിലേക്ക് അയക്കാൻ.
ബി.ജെ.പിയുടെ സർക്കാരിന് തുടർച്ചയുണ്ടാകരുത്. ഇനി വരുന്ന സർക്കാർ എങ്ങനെ ആകണമെന്നുള്ളത് സാഹചര്യം അനുസരിച്ച് തീരുമാനിക്കാം. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് തന്നെ പ്രധാനമന്ത്രി ആകണമെന്നില്ല. വി. പി സിംഗ് അടക്കമുള്ളവർ ഉദാഹരണമാണ്. തെരഞ്ഞെടുക്കപ്പെടുന്ന മതനിരപേക്ഷ കക്ഷികളുടെ യോജിച്ച തീരുമാനത്തിൽ ആകണം അത് തീരുമാനിക്കേണ്ടത്.കേരളത്തിൽ 2004 മുതൽ 2008 വരെ മാത്രമാണ് അർഹമായ സഹായവും വിഹിതവും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടുള്ളൂ. അന്ന് ഇടതു പിന്തുണ കേന്ദ്ര സർക്കാരിന് കൊടുത്തിരുന്നു.
എല്ലാവർക്കും അവരവരുടെ വിശാസത്തിനു അനുസരിച്ച് ജീവിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. ഭരണഘടനയും അത് അനുവദിക്കുന്നുണ്ട്. സംഘപരിവാർ തങ്ങളുടെതല്ലാത്ത വിശ്വാസം തുടരുന്നവരെ ആക്രമിക്കുന്ന രീതിയാണ് തുടരുന്നത്. അത് തുടർന്ന് പോകാൻ സമ്മതിക്കില്ല. അതിനെ സർക്കാർ നിയമപരമായിട്ട് ചെറുക്കും. അതാണ് കേരളത്തിന്റെ രീതി. സർക്കാരിന്റെ ബദൽ നയങ്ങൾ നമ്മൾക്ക് കാണാൻ കഴിയും. അത് പൊതുവെ സ്വീകരിക്കപെട്ടിട്ടുണ്ട്. ആ നയം പാർലമെന്റിലും എത്തിക്കാൻ ഇടതുപക്ഷത്തിനു കഴിയും.
നവോഥാന പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് നമ്മൾ എല്ലാ ദുരിതങ്ങളെയും നമ്മൾ നേരിട്ടിട്ടുണ്ട്. ജനകീയ ബദൽ നയങ്ങൾ രൂപപ്പെടുത്താൻ ഇടതുപക്ഷ അംഗങ്ങൾ പാർലമെൻറിൽ ഉണ്ടാകണം. അർഹതപ്പെട്ട വിഭവങ്ങൾ ലഭിക്കാനും ഇടതുപക്ഷ അംഗങ്ങൾ ഉണ്ടാകണം. അത് മുന്നിൽ കണ്ടുവേണം എല്ലാവരും വോട്ട് ഉപയോഗപ്പെടുത്താൻ. ചെറുപ്പക്കാർ പുതിയ വോട്ടർമാരും ആ ആശയങ്ങൾ മുന്നിൽ കണ്ട് വോട്ട് പ്രയോജനപ്പെടുത്തണം. മുഖ്യമന്ത്രി പറഞ്ഞു.
