ദില്ലി/ തിരുവനന്തപുരം: പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറെടുത്ത് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ കോൺഗ്രസ് നേതൃത്വം കേന്ദ്ര നേതൃത്വത്തിനോട് അനുമതി തേടിയിരുന്നു. ഈ വിഷയത്തിൽ സോണിയ ഗാന്ധി അനുമതി നൽകുകയും ചെയ്തു. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സോമന്‍ മിത്രയുമായി സോണിയ ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ചർച്ചയിൽ സംഘടനാപരമായ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് വിവരം.
വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അനുമതി. സംസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടാക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സോമന്‍ മിത്ര പറഞ്ഞു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ അംഗീകരിക്കുകയാണെങ്കില്‍ സഖ്യത്തിന് ശ്രമിക്കണം എന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി മുന്നോട്ട് വച്ചതെന്നും സോമന്‍ മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയായ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് ധാരണയുണ്ടാക്കിയത്.
