
വാരാണസി: കേരളത്തിലെയും ബംഗാളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന് ഭീഷണി നേരിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് വാരാണസിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു കേരളത്തിനെതിരെയുള്ള മോഡിയുടെ പരാമര്‍ശം. ” ബംഗാളിലേയും കേരളത്തിലേയും ബി.ജെ.പി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമ്മമാരോട് പറയുന്ന ഒരു കാര്യമുണ്ട്. ഞങ്ങള്‍ അഥവാ തിരിച്ചുവന്നില്ലെങ്കില്‍ പിറ്റേദിവസം ഇളയ സഹോദരനെ ഒന്നയച്ചേക്കണം” എന്നാണ് അവര്‍ പറയാറ്. ഇതാണ് അവിടുത്തെ അവസ്ഥ. കേളത്തില്‍ വോട്ട് തേടുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ജീവന്‍ പണയംവെച്ചാണ് പ്രവര്‍ത്തിക്കുന്നത്.

എങ്കിലും ഭീഷണികളെയെല്ലാം അവഗണിച്ച് അവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രയത്‌നിക്കുകയാണെന്നും അവര്‍ ഭയപ്പെടില്ലെന്നും മോഡി പറഞ്ഞു. ഈ ഗതി വാരാണസിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കില്ലെന്നായിരുന്നു മോഡി പ്രസംഗത്തില്‍ പറഞ്ഞുവെച്ചത്. അമിത് ഷായും യോഗി ആദിത്യനാഥും താനുമെല്ലാം പാര്‍ട്ടിയുടെ കാര്യകര്‍ത്താക്കളാണെന്നും പ്രധാനമന്ത്രിയായ ശേഷവും പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും മോഡി പറഞ്ഞു.
