കേരളത്തില്‍ മുസ്‌ലിം, ഹിന്ദുത്വ തീവ്രവാദങ്ങള്‍ ശക്തിപ്പെടുന്നു; പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ മുസ്‌ലിം, ഹിന്ദുത്വ തീവ്രവാദങ്ങള്‍ ശക്തിപ്പെടുന്നു; പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ മുസ്‌ലിം തീവ്രവാദവും ഹിന്ദു തീവ്രവാദവും ശക്തിപ്പെടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.കെ.ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഹിന്ദുത്വ വര്‍ഗീയ ശക്തിപ്പെടുത്താനാണ് സംഘപരിവര്‍ ശ്രമിക്കുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭം കണക്കിലടുത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലള്ള യു.ഡി.എഫ് വലതുപക്ഷവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ന്യൂനപക്ഷ വിഭാഗം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ രൂപത്തില്‍ മതന്യൂനപക്ഷങ്ങളെ വര്‍ഗീയമായി അണിനിരത്താന്‍ പ്രത്യേകിച്ച് മുസ്‌ലിം വര്‍ഗീയത ശക്തിപ്പെടുത്താന്‍ തീവ്രമായ ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. അതിനു നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ എന്നീ പേരുകളിലൊക്കെ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണെന്നും കോടിയേരി ആരോപിച്ചു.

‘ഇതില്‍ നിന്നും വ്യക്തമാകുന്നത് മുസ്‌ലിം തീവ്രവാദവും ഹിന്ദുത്വ തീവ്രവാദവും കേരളത്തില്‍ ശക്തിപ്പെടുകയാണെന്നാണ്. ഇത് കേരളത്തിന്‍റെ മതനിരപേക്ഷ അടിത്തറ തകര്‍ക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളുകളെ വിപലുമായി അണിനിരത്താന്‍ പാര്‍ട്ടിക്ക് സാധിക്കണം. ‘ അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന് ശക്തമായ സംഘടനാ രൂപം കേരളത്തിലുണ്ട്. ആര്‍.എസ്.എസിന്‍റെ കൂടുതല്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് ആര്‍.എസ്.എസ് സംഘടനാ ശക്തിക്കൊപ്പം കേന്ദ്ര ഭരണം കൂടി ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടത്തുന്നുണ്ട്. ഈ വെല്ലുവിളികൂടി ഏറ്റെടുത്തുകൊണ്ടാവണം പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം കാലോചിതമായി മാറ്റേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

0Shares