
പാർട്ടിനയങ്ങളിൽനിന്നും വ്യതിചലിച്ചുള്ള വ്യക്തിനിഷ്ഠമായ തീർപ്പുകളാണ് തിരഞ്ഞെടുപ്പ് തോൽവിക്കു കാരണമെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍റെ വിമർശനം. കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയാത്തതിനാൽ സി.പി.എം. കേന്ദ്രനേതൃത്വത്തിനയച്ച കത്തിലാണ് അദ്ദേഹത്തിന്‍റെ അഭിപ്രായപ്രകടനം.സംസ്ഥാനത്തു പാർട്ടി മൂലധന ശക്തികൾക്ക് കീഴ്‌പ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഗുരുതരമായ അവസ്ഥയിലാണ് ഇന്നു പാർട്ടി. കൃത്യമായ പുനർവിചിന്തനം വേണം. വസ്തുനിഷ്ഠമായ സ്വയം വിമർശനവും വിമർശനവും നടത്തണം. അതു ചെയ്യുന്നില്ലയെന്നതാണു പരാജയകാരണം. രാഷ്ട്രീയമായ അച്ചടക്കമാണ് പ്രധാനം. അതില്ലാതെ സംഘടനാപരമായ അച്ചടക്കം കൊണ്ടു കാര്യമില്ലെന്നും വി.എസ്. അഭിപ്രായപ്പെട്ടു. തെറ്റുകൾ തിരുത്താനുള്ള നടപടിയുണ്ടാകണം. കമ്യൂണിസ്റ്റ് പാർട്ടിയുടെ നയത്തിലും പരിപാടിയിലും ഊന്നിയല്ല ഇപ്പോൾ പാർട്ടിയുടെയും നേതാക്കളുടെയും പ്രവർത്തനം.

അതുകൊണ്ടുതന്നെ വസ്തുനിഷ്ഠമായല്ല, വ്യക്തിനിഷ്ഠമായാണ് സമീപനം. തൊഴിലാളി-കർഷക പിൻബലത്തിലാണ് പാർട്ടി വളർന്നത്. ഈ അടിസ്ഥാനഘടകത്തിൽ നിന്നു മാറി ഒരു വിഭാഗം ജനങ്ങളെ അകറ്റി നിർത്തിയാണ് പാർട്ടി മുന്നോട്ടു പോയത്. ഉദാഹരണത്തിനു ഹാരിസൺ ഭൂമി വിഷയത്തിൽ ജനങ്ങൾക്കൊപ്പമല്ല എന്നു തോന്നിക്കുന്ന വിധത്തിലാണു നമ്മുടെ സമീപനം -അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ അടവോ തന്ത്രമോ അല്ല പരാജയത്തിന്‍റെ കാരണം. കമ്യൂണിസ്റ്റ് പാർട്ടിയെന്ന നിലയിൽ നയത്തിലും പരിപാടിയിലും ഊന്നിയുള്ള പ്രവർത്തനം കൊണ്ടു മാത്രമേ തകർച്ച പരിഹരിക്കാനാവൂ. അതില്ലാത്തതിനാലാണു വ്യക്തിനിഷ്ഠമായ തീർപ്പുകളുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവി തൊടുന്യായത്തിൽ പരിമിതപ്പെടുത്തരുതെന്നും വി.എസ്. ആവശ്യപ്പെട്ടു. “ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ പാർട്ടിക്ക് കഴിയണം. ആത്മപരിശോധനയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു”- കത്തിൽ അദ്ദേഹം ഓർമിപ്പിക്കുന്നു.
