
സംസ്ഥാനത്ത് എൻ.പി.ആർ (ദേശീയ ജനസംഖ്യ പട്ടിക) നടപടികൾ നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ജനങ്ങളുടെ ആശങ്ക പരിഗണിച്ചാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) നടപ്പാക്കുന്നതിന് മുന്നോടിയായാണ് എൻ.പി.ആർ നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം വിമർശനമുയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻ.പി.ആർ പ്രവർത്തനങ്ങൾ നിർത്തിവെച്ചുകൊണ്ട് സർക്കാറിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.

രാജ്യത്തെ എല്ലാ സ്ഥിരതാമസക്കാരുടെയും മുഴുവൻ വിവരങ്ങളുമടങ്ങുന്ന ഡാറ്റാബേസ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ദേശീയ ജനസംഖ്യ പട്ടിക പദ്ധതി കൊണ്ടുവന്നത്. എന്നാൽ, ദേശീയ പൗരത്വ പട്ടിക വിവാദമായ സാഹചര്യത്തിൽ എൻ.പി.ആറിനെതിരെയും പ്രതിഷേധമുയർന്നിരുന്നു.
എൻ.ആർ.സിക്കെതിരെ നിലപാടെടുക്കുന്ന പിണറായി വിജയൻ എൻ.പി.ആർ നടപടിയുമായി മുന്നോട്ട് പോവുകയാണെന്ന് യൂത്ത് കോൺഗ്രസ് വിമർശനമയുർത്തിയിരുന്നു. എൻ.ആർ.സി നടപ്പാക്കുന്നതിന് മുന്നോടിയാണ് എൻ.പി.ആർ എന്നാണ് പ്രധാന ആരോപണം. പശ്ചിമബംഗാളിൽ എൻ.പി.ആർ നടപടികൾ നിർത്തിവെക്കാൻ ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി മമത ബാനർജി ഉത്തരവിട്ടിരുന്നു.
