കേരളത്തില്‍ തെരഞ്ഞെടുപ്പിനായി തയാറാക്കി വെച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ ; ഇന്നലെ രാത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത് 3,000 പുതിയ വോട്ടിങ് യന്ത്രങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ തെരഞ്ഞെടുപ്പിനായി തയാറാക്കി വെച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ ; ഇന്നലെ രാത്രി  വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത് 3,000 പുതിയ വോട്ടിങ് യന്ത്രങ്ങള്‍

കൊച്ചി: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേവലം നാല് ദിവസം മാത്രം ശേഷിക്കേ വോട്ടിങ്ങിനായി തയാറാക്കി വെച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തി. പല സ്ഥലങ്ങളിലും തെരഞ്ഞെടുപ്പിന് ഒരുക്കിയിരുന്ന വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതോടെ പ്രശ്‌നം പരിഹരിക്കാന്‍ ഇന്നലെ രാത്രി 9.30നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 3,000 വോട്ടിങ് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിച്ചു. ഇതിന് പുറമേ 1,500 വിവിപാറ്റ് യന്ത്രങ്ങള്‍ റോഡ് മാര്‍ഗവും എത്തിച്ചു. ഇവ വിവിധ ജില്ലകളിലേക്ക് കൈമാറി അടിയന്തരമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കാനാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കാന്‍ പുറത്തെടുത്തപ്പോഴാണ് ചില യന്ത്രങ്ങള്‍ക്ക് ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തിയത്. ഇതുമൂലം പലയിടങ്ങളിലും വോട്ടിങ് യന്ത്രം ക്രമീകരിക്കുന്നതു പൂര്‍ത്തിയായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പുതിയ യന്ത്രങ്ങള്‍ എത്തിച്ചത്.

പുതുതായി എത്തിച്ച വി.വിപാറ്റ് യന്ത്രങ്ങള്‍ പരിശോധിച്ചു കുറ്റമറ്റതാണെന്ന് ഉറപ്പാക്കാന്‍ ഹൈദരാബാദ് ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ വിദഗ്ധര്‍ കൊച്ചിയിലെത്തി. എറണാകുളം കളക്ടറേറ്റില്‍ പ്രത്യേക ക്യാംപ് തുറന്നാണ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നത്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെ വന്‍ സുരക്ഷാ വലയം തീര്‍ത്താണ് ഇവയുടെ പരിശോധന. ഭൂരിഭാഗം ജില്ലകളിലും ബൂത്തുകളില്‍ ഉപയോഗിക്കാനുള്ള യന്ത്രങ്ങള്‍ സജ്ജമായി കഴിഞ്ഞെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചില യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ റിസര്‍വില്‍ സൂക്ഷിക്കാന്‍ നല്‍കിയിരുന്ന യന്ത്രങ്ങള്‍കൂടി എടുത്താണ് ബൂത്തുകളിലേക്കുള്ളവ സജ്ജമാക്കിയത്.

വോട്ടിംഗിനിടയില്‍ ഏതെങ്കിലും ബൂത്തില്‍ വോട്ടിങ്ങിനിടെ യന്ത്രം തകരാറിലായാല്‍ പകരം നല്‍കാനാണ് റിസര്‍വായി യന്ത്രം കരുതുന്നത്. ഇന്നലെ കൊച്ചിയില്‍ എത്തിച്ച യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇന്നും നാളെയുമായി സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും പതിക്കല്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തര നടപടികളാണ് കൈക്കൊള്ളുന്നത്.

0Shares