
മുസ്‌ലിം സമുദായത്തിൽ വേരുറപ്പിക്കാൻ ആർ.എസ്.എസ്. ദേശീയ നേതൃത്വം കേരളത്തിൽ ‘മുസ്‌ലിം രാഷ്ട്രീയ മഞ്ച്’ തുടങ്ങുന്നു. പൗരത്വനിയമ ഭേദഗതിയുടെപേരിൽ സംസ്ഥാനത്തെ മുസ്‌ലിം ജനവിഭാഗത്തിന്‍റെ അമർഷം സംഘപരിവാർ പ്രസ്ഥാനങ്ങൾക്കെതിരേ തിരിയുന്ന സാഹചര്യത്തിലാണിത്. എന്നാൽ, സംഘടനയുമായി ബന്ധമില്ലെന്നാണ് ആർ.എസ്.എസ്. സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം.

മുസ്‌ലിം വിഭാഗത്തെ അടുപ്പിക്കുന്നതിന്‍റെ ഭാഗമായി 2002-ൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് മുൻകൈയെടുത്താണ് മുസ്‌ലിം രാഷ്ട്രീയ മഞ്ച് തുടങ്ങുന്നത്. എന്നാൽ, കേരളത്തിൽ ഘടകമുണ്ടായിരുന്നില്ല. 2016-ൽ ചുമതലക്കാരെ നിശ്ചയിച്ചെങ്കിലും പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. എന്നാൽ, പൗരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തിൽ രാഷ്ട്രീയമഞ്ചിന്‍റെ പ്രവർത്തനം ദേശീയതലത്തിൽ ശക്തമാക്കാൻ ആർ.എസ്.എസ്. നേതൃത്വം തീരുമാനിക്കുകയായിരുന്നു.
നിയമഭേദഗതിക്കെതിരേ ശക്തമായ പ്രതികരണമുണ്ടായ സംസ്ഥാനമെന്ന നിലയിലാണ് കേരളത്തിലും പ്രവർത്തനം ശക്തമാക്കുന്നത്. സംഘടനയ്ക്ക് സംസ്ഥാനസമിതിയും ജില്ല, മണ്ഡലം, ബൂത്ത് സമിതികളുംവരെ ഉണ്ടാക്കാനാണ് ശ്രമം. മുസ്‌ലിം സമുദായത്തിന്‍റെ മാത്രം പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവർക്കിടയിൽ പ്രവർത്തിക്കാനുമാണ് രാഷ്ട്രീയ മഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. ഉമ്മർ ഫറൂക്ക് പറഞ്ഞു. ഇപ്പോൾ സംസ്ഥാന ഭാരവാഹികളെ മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. സംസ്ഥാനസമിതിയുടെ വിപുലീകരണവും ജില്ലാ കമ്മിറ്റികളുടെയും കീഴ്‌ഘടകങ്ങളുടെ രൂപവത്കരണവുമെല്ലാം ഉടനെയുണ്ടാകും.
